Kerala

അഞ്ചുവർഷത്തിൽ നൂറ് പാലം എന്ന വാക്ക് മൂന്നാംവർഷം തന്നെ യാഥാർഥ്യമാകും- മന്ത്രി മുഹമ്മദ് റിയാസ് -വാക്കയിൽ പാലം മന്ത്രി നാടിനു സമർപ്പിച്ചു 

ആലപ്പുഴ: അഞ്ചുവർഷത്തിനുള്ളിൽ നൂറ് പാലം പണിയുമെന്ന സർക്കാർ വാക്ക്  വെറും മൂന്നു വർഷത്തിനുള്ളിൽ തന്നെ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തുറവൂർ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വാക്കയിൽ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടേമുക്കാൽ വർഷം കൊണ്ട് 92 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാനായെന്നും മന്ത്രി പറഞ്ഞു.

പശ്ചാത്തല വികസനത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ് പാലങ്ങൾ. കഴിഞ്ഞ ഏഴര വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ കേരളത്തിലെ പശ്ചാത്തല വികസനമേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ദേശീയപാതകളും സംസ്ഥാന പാതകളും ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത്   റോഡുകളുമെല്ലാം നവീകരിക്കപ്പെടുകയാണ്-മന്ത്രി പറഞ്ഞു. ദീർഘകാലമായി മുടങ്ങിക്കിടന്ന പല പദ്ധതികളും ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്. ദേശീയപാത വികസനം ഇതിൽ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് ആദ്യമായി 5600 കോടി രൂപ ദേശീയപാത വികസനത്തിനായി മുടക്കിയ സംസ്ഥാനം കേരളമാണ്. 2025 അവസാനത്തോടെ ദേശീയപാത യാഥാർത്ഥ്യമാവും. ഒൻപത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേ, 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ എന്നിവയും യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി. മുഖ്യാതിഥിയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി,  ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ, മറ്റ് തദ്ദേശസ്ഥാപന ജനപ്രതിനിധികളായ പി.പി പ്രതീഷ്, സിന്ധു ബിജു, മേരി ടെൽഷ്യ, എ.യു അനീഷ്, എ.വി. ജോസഫ്, മഹിളാമണി, ഷീജ സ്റ്റീഫൻസൺ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.കെ. സാബു, ജോമോൻ കോട്ടപ്പള്ളി, പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബി. അജിത് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സാക്ഷാത്കരിച്ചത് ദീർഘനാളത്തെ സ്വപ്നം

തുറവൂർ പഞ്ചായത്തിലെ പടിഞ്ഞാറേ മനക്കോടം നിവാസികളുടെ  ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടാണ്   തുറവൂർ പള്ളിത്തോടിനെയും പടിഞ്ഞാറെ മനക്കോടത്തെയും ബന്ധിപ്പിച്ചു പൊഴിച്ചാലിനു കുറുകെ  വാക്കയിൽ പാലം  യാഥാർത്ഥ്യമായിരിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക്  16.80 കോടി രൂപയാണ്  ഭരണാനുമതി ലഭിച്ചത്.  ഇതിൽ ഒരു കോടി രൂപ ഭൂമി ഏറ്റെടുക്കലിനുവേണ്ടി മാത്രമാണ് മാറ്റിവച്ചത്. ബോസ്ട്രിങ് ആർച്ച്  രീതിയിൽ ആണ് പാലം നിർമ്മിച്ചിരിക്കുന്നത്.  2019 സെപ്റ്റംബറിൽ മന്ത്രിയായിരുന്ന ജി. സുധാകരനാണ് നിർമാണം ഉദ്ഘാടനം ചെയ്തത്. ഒറ്റപ്പെട്ട് കിടക്കുന്ന പടിഞ്ഞാറെ മനക്കോടത്തെ വാക്കയിൽ കോളനിയെ മൂലേക്കളം, തുറവൂർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യം എ.എം. ആരിഫ് എം.പി. മുൻകൈയെടുത്താണ് യാഥാർഥ്യമാക്കിയത്. പിന്നീട് ദലീമ ജോജോ എം.എൽ.എയും  പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *