Kerala

ആറ് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവും 4 ലക്ഷം രൂപ വീതം പിഴയും ശിക്ഷ

രാഷ്ട്രീയവൈരാഗ്യത്താല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന തൃശ്ശൂര്‍ താലൂക്ക് താന്ന്യം പെരിങ്ങോട്ടുകര ദേശത്ത് സുരേഷ് മകന്‍ ആദര്‍ശ് 25വയസ്സ് എന്നവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പടിയം മുറ്റിച്ചൂര്‍ കൂട്ടാല നിജില്‍ എന്ന കുഞ്ഞാപ്പു 27 വയസ്സ് , ചാവക്കാട് കോഴിക്കുളങ്ങര മണത്തല വില്ലേജ് ഇത്തിപ്പറമ്പില്‍ പ്രജില്‍ 28 വയസ്സ്, മുറ്റിച്ചൂര്‍ പെരിങ്ങാടന്‍ ഹിരത്ത് എന്ന മനു 27 വയസ്സ്, കാരമുക്ക് കണ്ടശ്ശാംകടവ് താണിക്കല്‍ , ഷനില്‍ 27 വയസ്സ്, മുറ്റിച്ചൂര്‍ പണിക്കവീട്ടില്‍ ഷിഹാബ് 30 വയസ്സ്, വടക്കുംമുറി വില്ലേജ് കോക്കാമുക്ക് ദേശം വാലപറമ്പില്‍ ബ്രഷ്നോവ് 32 വയസ്സ് എന്നീ 6 പ്രതികളെ ഇരട്ട ജീവപര്യന്തം തടവിനും, പ്രതികളോരുത്തര്‍ക്കും 4 ലക്ഷം രൂപ വീതം പിഴയടയ്ക്കുന്നതിനും തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വി. സാലിഹ് ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം ഓരോരുത്തരും നാല് വര്‍ഷം അധികത്തടവ് അനുഭവിക്കേണ്ടിവരും.

2020 ജൂലായ് 2-ാം തീയ്യതി രാവിലെ 10മണിയോടെ അന്തിക്കാട് കുറ്റിക്കാട്ട് അമ്പലപരിസരത്തുള്ള അന്തോണി മുക്കില്‍ വെച്ചാണ് കൊലപാതകം നടന്നത്. കാറില്‍ മാരകായുധങ്ങളുമായി വന്ന പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ആദര്‍ശിനെ പ്രതികള്‍ വാളുകള്‍ ഉപയോഗിച്ച് തലയിലും കാലിലും ശരീരഭാഗങ്ങളിലും വെട്ടിയും, കുത്തിയും മാരകമായി പരിക്കേല്പിക്കുകയായിരുന്നു. തുടര്‍ന്ന് എലൈറ്റ് മിഷനാസ്പത്രിയില്‍ കൊണ്ടുപോയ ആദര്‍ശ് ചികില്‍സയിലിരിക്കെ പരിക്കിന്റെ കാഠിന്യത്താല്‍ അന്നേ ദിവസം തന്നെ മരണപ്പെടുകയായിരുന്നു. രാഷ്ട്രീയവൈരാഗ്യത്താല്‍ പ്രതികള്‍ ആദര്‍ശിനെ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.

തുടര്‍ന്ന് അന്തിക്കാട് പോലീസ് ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ വന്ന കാര്‍ ചെന്ത്രാപ്പിന്നിയിലെ ഒരു വീടിനു മുന്‍വശത്തുനിന്നും കണ്ടെത്തുകയുണ്ടായി. പ്രസ്തുത വാഹനം ആറാം പ്രതിയായ ഷിഹാബ് ഉപയോഗിച്ചു വരുന്നതായി അറിവുലഭിച്ചതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷിഹാബും കൂട്ടരും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്നും സംഭവത്തെത്തുടര്‍ന്ന് മുറ്റിച്ചൂരിലെ ഒഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നും അറിഞ്ഞത്. തുടര്‍ന്ന് രാത്രി 11 മണിയോടെ വീടുവളഞ്ഞ് ബലപ്രയോഗത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതി ബ്രഷ്നോവ് ആണ് വാഹനം വാടകയ്ക്ക് എടുത്തു കൊടുത്തത്.

‍ നിരവധി ശാസ്ത്രീയതെളിവുകള്‍ കോര്‍ത്തിണക്കി കോടതിയില്‍ ഹാജരാക്കിയാണ് പ്രതികള്‍ കുറ്റം ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചത്.

സംഭവം നടന്ന സ്ഥലത്തിന്റെ സമീപപ്രദേശത്തുള്ള വീടുകളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ സ്ക്രീന്‍ സമയത്തില്‍ വന്ന മാറ്റം സാങ്കേതിക വിദ്ഗ്ദരെ സാക്ഷികളാക്കി വിസ്തരിച്ച് കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ തെളിയിച്ചിരുന്നു.

ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച് മൊബൈല്‍ സേവനദാതാക്കളെ വിസ്തരിച്ചതുവഴി പ്രതികള്‍ തമ്മില്‍ ഫോണ്‍ മുഖേനെ ഉണ്ടായ ഗൂഢാലോചന കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചു. കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനക്ക് കൂടിയാണ് 5, 6 പ്രതികളായ ഷിഹാബിനെയും, ബ്രഷ്നോവിനെയും ശിക്ഷിച്ചത്. ഒന്നും അഞ്ചും പ്രതികള്‍ തമ്മില്‍ കല്ലാറ്റുപുഴ അമ്പലപരിസരത്തു വെച്ച് നേരിട്ടും, മറ്റുള്ള പ്രതികള്‍ ഈ കാലയളവില്‍ ഫോണ്‍ മുഖാന്തിരവും ആദര്‍ശിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ സാക്ഷികള്‍ മുഖാന്തിരവും, രേഖകള്‍ മുഖാന്തിരവും പ്രോസിക്യൂഷന് സാധിച്ചു. ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ നിരന്തരമായി കുറ്റകൃത്യം നടന്ന കാലയളവില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ ഹാജരാക്കിയതിലെത്തുടര്‍ന്നാണ് പ്രതികള്‍ ആദര്‍ശിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കാര്യം പ്രോസിക്യൂഷന് തെളിയിക്കാനായത്.

സിസിടിവി ദൃശ്യങ്ങളും, വിരയടയാള പരിശോധനയും, സൈബര്‍ പരിശോധനയും അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കിയാണ് പ്രതികളുടെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ കോടതിയില്‍ തെളിയിച്ചത്.

കൂടാതെ കേസിലെ സാക്ഷികള്‍ കൊല്ലപ്പെട്ട ആദര്‍ശിന്റെ അതേ രാഷ്ട്രീയപാര്‍ട്ടിയിലുള്ളവരാണെന്നും ടി സാക്ഷികളുടെ മൊഴികള്‍ വിശ്വസനീയമല്ലെന്നുമുള്ള പ്രതികളുടെ വാദം എതിര്‍ത്തുകൊണ്ടും, മേല്പറഞ്ഞ സാക്ഷികളെയും, രേഖകളെയും കോടതിക്ക് എപ്രകാരം വിശ്വസിക്കാമെന്ന് പ്രതിപാദിച്ചിട്ടുള്ള മേല്‍കോടതികളിലെ മുന്‍കാല വിധിന്യായങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

കേസിലെ ദൃക് സാക്ഷികള്‍ മജിസ്ത്രേട്ട് മുന്‍പാകെ മൊഴി കൊടുത്ത സമയത്ത് മുഴുവന്‍ പ്രതികളെയും സംബന്ധിച്ച് മജിസ്ത്രേട്ട് മുന്‍പാകെ ബോദ്ധ്യപ്പെടുത്താതിരുന്നത് സാക്ഷികള്‍ക്ക് പ്രതികളെ ശരിയായവണ്ണം തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും, വിചാരണക്കോടതിയില്‍ പ്രതികളെ സാക്ഷികള്‍‍ തിരിച്ചറിഞ്ഞ വസ്തുതയാണ് അതിപ്രധാനമെന്നും മജിസ്ത്രേട്ട് മുന്‍പാകെ നല്‍കിയ മൊഴിയിലുള്ള വ്യതിയാനം പരിഗണിക്കേണ്ടതില്ലെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണ് ദൃക്സാക്ഷികളുടെ മൊഴികള്‍ വിശ്വസനീയമാണെന്ന് കോടതി കണ്ടെത്തിയത്.

പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ച ശാസ്ത്രീയതെളിവുകള്‍ക്കെതിരെ വിശദീകരണം നല്‍കാനോ, തര്‍ക്കമുന്നയിക്കാനും പ്രതിഭാഗത്ത് സാധിച്ചില്ല.

കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 28 തൊണ്ടിമുതലുകളും, 109രേഖകളും ഹാജരാക്കുകയും 46 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.

കേസിലെ പ്രതികള്‍ അന്തിക്കാട് ജനതാദള്‍ നേതാവായിരുന്ന ദീപകിനെ വധിച്ച കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും, അ‍ഞ്ചാം പ്രതി ഷിഹാബിനെതിരെ കാപ്പ നടപടികള്‍ നടന്നുവരുന്നതാണെന്നും അത്തരത്തില്‍ കൊടുംക്രിമിനലുകളായ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി.സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷ വിധിച്ചത്.

കേസില്‍ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായ ലിജി മധു, കെ.പി. അജയ്‍കുമാര്‍ എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *