Kerala Law

ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റില്ല എന്ന് പറഞ്ഞ് ക്ലെയിം നിഷേധിച്ചു, 176379 രൂപയും 5000 രൂപ നഷ്ടവും നൽകുവാൻ വിധി.

തൃശ്ശൂർ: പ്രളയത്തിൽ വെള്ളം കയറി വാഹനത്തിന് നഷ്ടം സംഭവിച്ചതിനെത്തുടർന്ന്, ക്ളെയിം തുക നിeഷധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. എറണാകുളം തൃക്കാക്കര സ്വദേശി വേണു.എം.ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ റൗണ്ട് നോർത്തിലുള്ള ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്. ഹർജിക്കാരൻ്റെ ലോറി എതിർകക്ഷി സ്ഥാപനത്തിൽ ഇൻഷൂർ ചെയ്തിരുന്നു. വാഹനത്തിൻ പ്രളയജലം കയറി നഷ്ടം സംഭവിച്ചതിനെത്തുടർന്ന് ഹർജിക്കാരൻ ഇൻഷൂറൻസ് തുക ലഭിക്കുവാൻ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് വാഹനത്തിന് ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കുകയായിരുന്നു. വാഹനം ടെസ്റ്റിന് വേണ്ട പണികൾ പൂർത്തീകരിച്ച് വർക്ക്ഷോപ്പിൽ കിടക്കുമ്പോഴാണ് വെള്ളത്തിൽപ്പെടുന്നത്.പൊതുനിരത്തിൽവെച്ചല്ല നഷ്ടം സംഭവിക്കുകയുണ്ടായതെന്നും അതിനാൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് പ്രസക്തമല്ലെന്നും ഹർജിഭാഗം വാദിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബൂ, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി വാഹനത്തിന് ക്ളെയിം തുക 176379 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *