Kerala

എല്ലാ സർക്കാർ സേവനങ്ങളും സ്മാർട്ടാകണം: മന്ത്രി പി രാജീവ്

*ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു* 

സർക്കാർ ഓഫീസുകളിൽ എല്ലാ സേവനങ്ങളും സ്മാർട്ടാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റവന്യൂ വകുപ്പ് വളരെ വേഗത്തിലാണ് ജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങളിൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഭൂരഹിതരായവരെ ഭൂമിയുടെ ഉടമസ്ഥരാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടര വർഷം പിന്നിടുമ്പോഴേക്കും ഒന്നര ലക്ഷത്തിലധികം പട്ടയങ്ങൾ നൽകാൻ കഴിഞ്ഞു എന്നത് ചരിത്രസംഭവമാണ്. 

 കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും കെ സ്മാർട്ട്‌ ആപ്ലിക്കേഷൻ പ്രവർത്തനമാരംഭിച്ചു. സർക്കാർ സേവനങ്ങൾ ഓൺലൈൻ മുഖേന ജനങ്ങൾക്ക് ലഭ്യമാക്കുന്ന കെ സ്മാർട്ട് ആപ്ലിക്കേഷൻ പഞ്ചായത്തുകളിലും ഉടൻ പ്രവർത്തനസജ്ജമാകും. ഇതുവഴി സർക്കാർ സംവിധാനം കൂടുതൽ ചലനാത്മകവും അഴിമതിരഹിതവുമാകും. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 

കുന്നുകര, കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ വിവിധ തോടുകൾ പുനർ സംയോജനത്തിനും ആഴം കൂട്ടുന്നതിനുമായി എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കെങ്ങോർപ്പിള്ളി ഗവൺമെന്റ് ഹൈസ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി 72 ലക്ഷം രൂപ, കരുമാല്ലൂർ മുതൽ ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് വരെ 10 കിലോമീറ്റർ ദൈർഘ്യമുള്ള നർണ്ണിത്തോടിന്റെ പുനരുദ്ധാരണത്തിന് 132 ലക്ഷം രൂപ, ആലങ്ങാട് ഫാമിലി ഹെൽത്ത് സെന്ററിന് 99 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

കളമശ്ശേരി മണ്ഡലത്തിൽ സമഗ്ര ടൂറിസം വികസനത്തിന്റെ ഭാഗമായി പഴം തോട് ടൂറിസത്തിന് 30 ലക്ഷം രൂപയും നീറിക്കോട് കാട്ടുകണ്ടം റോഡ് ടാറിങ്ങിന് (വാർഡ് 2) 30 ലക്ഷം രൂപയും അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിനായി ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 60 അങ്കണവാടികളാണ് സ്മാർട്ട് ആക്കുന്നത് ഇതിൽ 11 എണ്ണം ആലങ്ങാട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണെന്നും എല്ലാ വികസന പദ്ധതികളും സമഗ്രമായി മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ 478 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയി മാറിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ചടങ്ങിൽ ഓൺലൈനായി ആശംസകൾ അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 698 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതിനാണ് ഭരണാനുമതി നൽകിയിരുന്നത്. ഇതിൽ വലിയൊരു ശതമാനം പൂർത്തിയായെന്നും ജനകീയ മുന്നേറ്റമാണ് ഇതിലൂടെ സാധ്യമായതെന്നും മന്ത്രി പറഞ്ഞു. 

റവന്യൂ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് അവസരം ഒരുക്കുന്ന പദ്ധതിയാണ് ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’. ഈ പദ്ധതിയിലൂടെ കേരളത്തിലെ സാധാരണ ജനങ്ങളെ ഭൂമിയുടെ ഉടമകളാക്കുകയും എല്ലാ ഭൂമിക്കും രേഖ ഉണ്ടാക്കി നൽകുകയുമാണ് സർക്കാർ മുന്നോട്ടു വെക്കുന്ന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *