Kerala

എഴുത്തച്ഛൻ, എഴുത്തശ്ശൻ, കടുപ്പട്ടൻ വിഭാഗങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകാൻ സർക്കാർ ഉത്തരവ്

എഴുത്തഛൻ, എഴുത്തശ്ശൻ, കടുപ്പട്ടൻ വിഭാഗങ്ങൾക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നൽകാൻ സർക്കാർ ഉത്തരവായി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാന ഒ.ബി.സി. പട്ടികയിലെ  26-ാം നമ്പർ ഇനമായ  കടുപ്പട്ടൻ’ എന്നത് നീക്കം ചെയ്ത് ഇനം നമ്പർ 18 ആയിട്ടുള്ള ‘എഴുത്തച്‌ഛൻ’ എന്നതിന് പകരം ‘എഴുത്തച്ഛൻ, എഴുത്തശ്ശൻ, കടുപ്പട്ടൻ’ എന്ന് മാറ്റം വരുത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശിപാർശ പ്രകാരമാണ് ഈ നടപടി.

 എഴുത്തച്‌ഛൻ, കടുപ്പട്ടൻ എന്നിവർ ഒ.ബി.സി. വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ സംവരണം, സ്കോളർഷിപ്പുകൾ, മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവ ഇവർക്ക് ലഭിക്കുന്നുണ്ടെങ്കിലും കേവലം ഒരു അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ച് എഴുത്തശ്ശൻ എന്ന് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയവർക്ക് 
ഈ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും എഴുത്തച്ഛൻ സമുദായത്തിന് അർഹമായ മുഴുവൻ അവകാശങ്ങളും എഴുത്തശ്ശൻ വിഭാഗത്തിനും ലഭ്യമാക്കണമെന്നുമുള്ള ഹർജി പരിഗണിച്ചാണ് കിർത്താഡ്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നോക്ക വിഭാഗ കമ്മീഷൻ സർക്കാറിന് ശിപാർശ നൽകിയത്. 

ഇതോടു കൂടി കടുപ്പട്ടൻ, എഴുത്തച്ഛൻ എന്നീ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ എഴുത്തശ്ശൻ എന്ന് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയവർക്ക് കൂടി ലഭിക്കുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *