ഏലൂർ: നഗരസഭയിൽ സംസ്ഥാന സർക്കാർ അനുവദിച്ച പുതിയ ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.
നഗരസഭ ചെയർമാൻ എ.ഡി.സുജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എം ഷെനിൻ, വി.എ ജെസ്സി, പി.എ ഷെറീഫ്, നിസ്സി സാബു, കെ.എ. മാഹിൻ, എസ്.ഷാജി, വാർഡ് കൗൺസിലർ അംബിക ചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ മേഴ്സി ഗോൺസൽവാസ്, മെഡിക്കൽ ഓഫീസർ നയനാ ദാസ് തുടങ്ങിയവർ പങ്കെടുത്തു.
പാതാളത്ത് എസ്ടി വിജ്ഞാന കേന്ദ്രത്തിന് സമീപം വനിതാ വ്യവസായ കേന്ദ്രത്തിന്റെ മുകളിലാണ് ഡിസ്പെൻസറിക്ക് വേണ്ട സൗകര്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. ഡിസ്പെൻസറിയിലേക്ക് മെഡിക്കൽ ഓഫീസറിനെ നിയമിച്ചു സർക്കാർ ഉത്തരവായിട്ടുണ്ട്. തിങ്കളാഴ്ച്ച മുതൽ ഡിസ്പെൻസറി പ്രവർത്തിച്ചു തുടങ്ങും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തനസമയം.