ചികിത്സ വികേന്ദ്രീകരിക്കുക സര്‍ക്കാര്‍ നയം- മന്ത്രി വീണാ ജോര്‍ജ്

Estimated read time 0 min read

ആലപ്പുഴ: ചികിത്സ പരമാവധി വികേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സമഗ്ര പക്ഷാഘാത ചികിത്സ കേന്ദ്രം, ആധുനിക മരുന്ന് സംഭരണശാല എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പക്ഷാഘാത പരിചരണത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 32 ജില്ല ആശുപത്രികളില്‍ സ്‌ട്രോക്ക് സ്റ്റിമുലൈസേഷന്‍ യൂണിറ്റുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗനിര്‍ണയത്തിനുള്ള അടിയന്തര പരിശോധന സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊണ്ടാണ് സ്‌ട്രോക്ക് യൂണിറ്റ് തുടങ്ങുന്നത്. കിടപ്പിലാകും മുമ്പ് പക്ഷാഘാതം കണ്ടുപിടിക്കുന്നതിനും ചികിത്സ നല്‍കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായുണ്ടാകും. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹാകരണത്തോടെ കൃത്യമായ പരിശീലനം ലഭിച്ച നഴ്‌സുമാരുടെ സേവനമാണ് ഒരുക്കിയത്. മരുന്ന് സംഭരണശാലയില്‍ കൃത്യമായ മാനദണ്ഡം അനുസരിച്ച് മരുന്നുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. മരുന്നുമായുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ഓഫീസ്, ക്യാബിന്‍ തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി ക്രമീകരിക്കുമെന്നും മന്തി പറഞ്ഞു.

ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. ആധുനികവത്കരിച്ച മരുന്നു സംഭരണ ശാലയുടെ ശിലാസ്ഥാപനം എം.എല്‍.എ. നിര്‍വഹിച്ചു. എ.എം. ആരിഫ് എം.പി. വിശിഷ്ടാതിഥിയായി. കോംപ്രഹെന്‍സീവ് സ്‌ട്രോക്ക് യൂണിറ്റിന്റെ ശിലാസ്ഥാപനം എം.പി. നിര്‍വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ജില്ല പഞ്ചായത്തംഗം പി. അഞ്ചു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗം സുനിത പ്രദീപ്, മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സുരേഷ് രാഘവന്‍, സൂപ്രണ്ട് ഡോ. അബ്ദുള്‍ സലാം, പി.ഡബ്ല്യു.ഡി. കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്‍. ബീന, ഡോ.പി.വി. ഷാജി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആധുനികവത്കരിച്ച മരുന്ന് സംഭരണശാലക്കായി പത്ത് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതില്‍ 3.5 കോടി രൂപയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. രണ്ട് നിലകളിലായി 2,185 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ രണ്ട് ലിഫ്റ്റും രണ്ട് സ്റ്റെയര്‍ കേയ്‌സുകളുമുണ്ടാകും. ഒന്നാം ഘട്ടത്തില്‍ കെട്ടിടത്തിന്റെ മുഴുവന്‍ ഭാഗത്തിന്റെയും അടിത്തറ നിര്‍മ്മാണം, ബ്ലോക്ക് രണ്ടിന്റെ ഗ്രൗണ്ട്
ഫ്‌ലോറിന്റെ സ്ട്രക്ചറല്‍ പ്രവര്‍ത്തികള്‍ എന്നിവയാണ് നടക്കുക. മൂന്ന് നിലകളിലായി 2228 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സമഗ്ര പക്ഷാഘാത ചികിത്സ കേന്ദ്രം നിര്‍മ്മിക്കുന്നത്. അഞ്ച് കോടി രൂപ ചെലവ്. ആദ്യ ഘട്ടത്തില്‍ ഗ്രൗണ്ട് ഫ്‌ലോറിന്റെയും ഫസ്റ്റ് ഫ്‌ലോറിന്റെയും സ്ട്രക്ച്ചറല്‍ പ്രവൃത്തികളും സോളിഡ് ബ്ലോക്ക്, പ്ലാസ്റ്ററിങ് പ്രവൃത്തികളുമാണ് നടക്കുക.

You May Also Like

More From Author

+ There are no comments

Add yours