Kerala

നീലിയും ജൂനോയും ഇനി ഡബിള്‍ സ്‌ട്രോങ്; ജില്ലയിലെ കനൈന്‍ സ്‌ക്വാഡിന് പുതുവീട്

ഇടുക്കി: മൃദുഭാവേ, ദൃഢകൃത്യേ എന്ന കേരള പൊലീസിന്റെ ആപ്തവാക്യം കൂടുതല്‍ ഇണങ്ങുക കനൈന്‍ സ്‌ക്വാഡിനാണെന്ന് ഇടുക്കി ജില്ലാ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ പറയുമ്പോള്‍ വേദിക്കരികെ പുതിയവീടിന്റെ പൂമുഖത്ത് ഭാവമാറ്റമേതുമില്ലാതെ എസ്തറും നീലിയും ജൂനോയും കിടപ്പുണ്ടായിരുന്നു. ചുവന്ന അംഗവസ്ത്രമണിഞ്ഞ് ആഘോഷമായി പുതിയ കൂട്ടിലേക്കുള്ള പ്രവേശനോത്സവത്തിനെത്തിയ കനൈന്‍ സ്‌ക്വാഡിലെ ഡോണയ്ക്കും എയ്ഞ്ചലിനുമൊക്കെ ഇടുക്കിയുടെ കുറ്റാന്വേഷണ, ദുരന്തനിവാരണ ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്. 
1986 ല്‍ ആരംഭിച്ച ഇടുക്കി കനൈന്‍ സ്‌ക്വാഡിന് 38 വര്‍ഷത്തിന് ശേഷം സ്വന്തമായി ലഭിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പൊലീസിലെ ‘പുലിക്കുട്ടികള്‍’ ഒരുമിച്ചെത്തിയത്. 1986ല്‍ രണ്ട് നായകളുമായി ആരംഭിച്ച ജില്ലാ കനൈന്‍ സ്‌ക്വാഡില്‍ ഇപ്പോള്‍ ഒമ്പത് അംഗങ്ങളുണ്ട്. ആധുനിക നിലവാരത്തിലുള്ള കെന്നലുകളാണ് ഇവര്‍ക്കായി പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുള്ളത്. 
സംഘത്തിലെ ട്രാക്കര്‍ നായയായ എസ്‌തേര്‍ ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. കുറ്റാന്വേഷണത്തില്‍ ലോക്കല്‍ പൊലീസിനെ ഏറ്റവുമധികം സഹായിച്ചിട്ടുള്ള എസ്‌തേറാണ് കുട്ടിക്കാനത്ത് നടന്ന ഒഡിഷ യുവതിയുടെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിക്കാന്‍ സഹായിച്ചത്. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ മിടുക്കനായ ചന്തുവും ലാബ് ഇനത്തിലുള്ളതാണ്. സക്വാഡില്‍ ഏറ്റവുമധികം വിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ളതിന്റെ പെരുമയും ചന്തുവിന് തന്നെ. കേരള പൊലീസിലെ തന്നെ ആദ്യ നാര്‍ക്കോട്ടിക് ഡിറ്റക്ടിങ് നായാണ് നീലി. രണ്ടുതവണ അഖിലേന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റില്‍ പങ്കെടുത്തിട്ടുള്ളയാളാണ് കക്ഷി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ നിന്ന് പരിശീലനം ലഭിച്ച ലൈക്ക കഞ്ചാവ് കണ്ടെത്തുന്നതില്‍ പ്രത്യേക വൈദഗധ്യമുള്ളയാളാണ്. ബിഗില്‍ ഇനത്തില്‍പ്പെട്ട ഡോളിക്ക് പക്ഷേ സ്‌ഫോടക വസ്തുക്കള്‍ മണത്തറിയുന്നതിലാണ് കമ്പം. പെട്ടിമുടി, മൂലമറ്റം, കുടയത്തൂര്‍ പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്കുവഹിച്ചയാളാണ് ഡോണ. ബെല്‍ജിയം മെനോയിസ് ഇനത്തില്‍പ്പെട്ട എയ്ഞ്ചല്‍ 2021 ലെ കൊക്കയാര്‍ ദുരന്തം, കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍ എന്നിവയില്‍ മണ്ണിനടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്നു.  
മോഷണം, കൊലപാതകം തുടങ്ങിയ കേസുകളില്‍ ലോക്കല്‍ പൊലീസിനെ സഹായിക്കുകയാണ് ട്രാക്കര്‍ ഡോഗായ ജൂനോയുടെ പണി. സ്‌ക്വാഡില്‍ ഏറ്റവും അവസാനമായി അംഗമായ ഇവന്‍ ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ടയാളാണ്. പത്താമനായി ഒരാള്‍കൂടി എത്താനുണ്ട്. കക്ഷി പരിശീലനത്തിലാണെന്നാണ് അറിഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *