Kerala

പാനൂർ ബോംബ് നിർമ്മാണം: റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നത്: കെ.സുരേന്ദ്രൻ

കോഴിക്കോട്: സിപിഎമ്മിൻ്റെ പാനൂർ ബോംബ് നിർമ്മാണം ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നുവെന്ന റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ എൻഡിഎയുടെ മുന്നേറ്റം മനസിലാക്കിയതു കൊണ്ടാണ് സിപിഎം അക്രമത്തിൻ്റെ മാർഗം സ്വീകരിക്കുന്നത്. പ്രദേശത്ത് ഒരു സംഘർഷാവസ്ഥയും നിലനിൽക്കാത്ത സാഹചര്യത്തിൽ ഇത്രയും വലിയ ആക്രമണം നടത്താൻ സിപിഎം കോപ്പുകൂട്ടിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ്. ആർഎസ്എസ്- ബിജെപി പ്രവർത്തകരെ ഇല്ലായ്മ ചെയ്ത് തീവ്രവാദികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നത്. തീവ്രചിന്താഗതിക്കാരുടെ വോട്ടിന് വേണ്ടി നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കുകയായിരുന്നു സിപിഎമ്മിൻ്റെ ലക്ഷ്യം. ബോംബ് നിർമ്മാണത്തിനിടെ മരിച്ച സിപിഎം പ്രവർത്തകരുടെ വീട്ടിൽ നേതാക്കൾ പോയത് സംഭവത്തിലെ ഉന്നത ബന്ധം തെളിയിക്കുന്നതാണ്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ അക്രമത്തിൻ്റെ പാത സ്വീകരിക്കാൻ സിപിഎം നേതൃത്വം അണികളെ ഉപയോഗിക്കുകയാണ്. പാനൂർ ബോംബ് സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് നാടിൻ്റെ സമാധാനാന്തരീക്ഷം നിലനിർത്താൻ അനിവാര്യമാണ്. ആയുധം താഴെ വെക്കാൻ ഒരുക്കമല്ലാത്ത സിപിഎമ്മിനെ ജനങ്ങൾ ഒറ്റപ്പെടുത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *