പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ‘വിദ്യാര്‍ഥി പാര്‍ലമെന്റ്’ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാലുവരെ കുരിയച്ചിറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. ടി.എന്‍ പ്രതാപന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ കുട്ടികളുമായി ആശയസംവാദം നടത്തും.
ജില്ലയിലെ യു.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ജില്ലയിലെ 132 സ്‌കൂളുകളില്‍ നിന്നായി 450 വിദ്യാര്‍ഥികളും ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍മാരും പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ‘പാര്‍ലമെന്റ്’ നിയന്ത്രിക്കുക. സ്പീക്കര്‍, പ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരും, മറ്റു വിദ്യാര്‍ഥികള്‍ പാര്‍ലമെന്റ് അംഗങ്ങളായുമായാണ് പരിപാടി നടത്തുന്നത്. പാര്‍ലമെന്റില്‍ നടത്തുന്ന ചോദ്യോത്തരവേളയില്‍ വിദ്യാര്‍ഥി എം.പി. മാര്‍ ഉയര്‍ത്തുന്ന ലഹരിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കുട്ടി പ്രധാനമന്ത്രിയും മന്ത്രിമാരും മറുപടി നല്‍കും. ലഹരിക്കെതിരെയുള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് പാര്‍ലമെന്റ്‌റ് നടപടിക്രമങ്ങള്‍ ആരംഭിക്കുക.
ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഇതിനോടകം വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ രഹസ്യവിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി ഡ്രോപ് ബോക്‌സുകള്‍ സ്ഥാപിച്ചു. ഓരോ ക്ലാസിലേയും 2 കുട്ടികളെ വീതം ഉള്‍പ്പെടുത്തി 30 പേരടങ്ങുന്ന ജാഗ്രതാ ബ്രിഗേഡ് രൂപീകരിച്ചു. പി.ടി.എ. പ്രതിനിധി, അധ്യാപക പ്രതിനിധി, വാര്‍ഡ് മെമ്പര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്‌കൂള്‍ തല ജാഗ്രതാസമിതികള്‍ രൂപീകരിച്ചു. ബോധവത്ക്കരണ ക്ലാസുകള്‍, ദന്ത പരിശോധന ക്യാമ്പുകള്‍, യോഗ-കരാട്ടെ പരിശീലനം, പട്ടം പറത്തല്‍, സൈക്കിള്‍ സവാരി, ഷോര്‍ട്ട് ഫിലിം തയ്യാറാക്കലും പ്രദര്‍ശനവും തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചു. പാര്‍ലമെന്റ് സംവിധാനത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ലഹരിക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതും, ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലൂടെ സമൂഹത്തില്‍ എത്തിക്കാന്‍ കഴിയുന്നതിനും വിദ്യാര്‍ഥി പാര്‍ലമെന്റിലൂടെ സാധിക്കും.