Kerala Law

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യം: മുഖ്യമന്ത്രി

തിരുവനാഥപുരം: വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിവരാവകാശ അപേക്ഷകർക്കു പരമാവധി 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമന്നാണു നിയമം അനുശാസിക്കുന്നത്. കഴിവതും വേഗത്തിൽ എന്നുകൂടി പറയുന്നുണ്ട്. എന്നാൽ പലപ്പോഴും 30-ാം ദിവസമേ മറുപടി നൽകൂ എന്നു പലരും വാശിപിടിക്കാറുണ്ട്. ഇത് ഒരുതരത്തിലും ആശാസ്യമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവരാവകാശ അപേക്ഷകളിൽ സാങ്കേതികമായി മറുപടി നൽകുകയല്ല മറിച്ച് അപേക്ഷകർ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകുകയാണു വേണ്ടത്. വിവരാവകാശ ഓഫിസർമാർതന്നെ അപേക്ഷകൾ കുറ്റമറ്റ നിലയിൽ കൈകാര്യംചെയ്താൽ അപ്പീലുകളും കേസുകളുമുണ്ടാകില്ല. അങ്ങനെ വരുമ്പോൾ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഉൾപ്പെടെ ഫയലുകൾ കെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കാനാകും. അഞ്ചും ആറും വർഷം പഴക്കമുള്ള ആയിരക്കണക്കിനു ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. വിവരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ അതുകൊണ്ട് അപേക്ഷകർക്ക് എന്തെങ്കിലും ഫലമുണ്ടാകുമോ? അപേക്ഷകൾ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും തീർപ്പാക്കുന്നതിൽ ഓഫിസർമാർ കൂടുതൽ ശ്രദ്ധപതിപ്പിക്കണം.

ഉദ്യോഗസ്ഥർ ജനപക്ഷത്തുനിന്നാണു പ്രവർത്തിക്കേണ്ടതെന്ന ബോധ്യം വിവരാവകാശ ഓഫിസർമാർ ഉൾക്കൊള്ളണം. വലിയ ഉത്തരവാദിത്തം നിർവഹിക്കുന്നവരാണു വിവരാവകാശ ഓഫിസർമാർ. അവരുടെ ദൈനംദിന ജോലികൾക്കു പുറമേയാണു വിവരാവകാശ മറുപടികൾ നൽകുന്നത്. അതുകൊണ്ടുതന്നെ അപേക്ഷകൾ നൽകുന്നവർ ഒന്നുകിൽ അവർക്കോ അല്ലെങ്കിൽ സമൂഹത്തിനു പൊതുവേയോ പ്രയോജനം ലഭിക്കുന്നതരത്തിലുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകുന്നതായിരിക്കും അഭികാമ്യം. അതു വിവരാവകാശ ഓഫിസർമാരുടേയും കമ്മിഷന്റെയും ജോലിഭാരത്തിൽ അയവുണ്ടാക്കും. പൊതുഅധികാര കേന്ദ്രങ്ങളിലെ അഴിമതി ഇല്ലാതാക്കുകയും അധികാര കേന്ദ്രങ്ങളെ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയുമാണ് വിവരാവകാശ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അതിന്റെ ആമുഖത്തിൽത്തന്നെ പറയുന്നു. അധികാര കേന്ദ്രങ്ങളിലിരുന്നു വിനിയോഗിക്കുന്ന അധികാരങ്ങൾ സ്വയംഭൂവായി ലഭിച്ചതല്ല. അവ ജനങ്ങൾ നൽകിയതാണ്. അതുകൊണ്ടാണ് എല്ലാ അധികാരികളേയും പബ്ലിക് സർവന്റ്സ് എന്നു പറയുന്നത്. ജനങ്ങളുടെ സേവകരാണ് എല്ലാവരും. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നതുതന്നെ ഇന്ത്യക്കാരായ നമ്മൾ എന്നാണ്. അതിൽനിന്നുതന്നെ ജനങ്ങളാണു പരമാധികാരികൾ എന്നു വ്യക്തമാണ്.

സർക്കാർ നയങ്ങളും പദ്ധതികളും അഴിമതി രഹിതമായും ജനോപകാരപ്രദമായും കാലതാമസമില്ലാതെയും നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവരാണ് ഉദ്യോഗസ്ഥർ. കേരളം ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. അഴിമതി ഒട്ടുമില്ലാത്ത സംസ്ഥാനമായി കേരളം മാറണം. അതിന് ജീവനക്കാരും പൊതുജനങ്ങളും തുല്യമായി സഹകരിക്കണം. സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കൈക്കൂലി വാങ്ങില്ലെന്ന് ഉദ്യോഗസ്ഥർ സ്വയം നിശ്ചയിക്കണം. നിയമവിരുദ്ധമായ കാര്യങ്ങൾ നടത്തിയെടുക്കാൻ ഉദ്യോഗസ്ഥരെ തെറ്റായി സ്വാധീനിക്കില്ലെന്നു ജനങ്ങളും തീരുമാനിക്കണം. ഇതു രണ്ടും നടക്കണമെന്നുണ്ടെങ്കിൽ രണ്ടു കൂട്ടർക്കും ഭരണഘടനയോട് അചഞ്ചലമായ കൂറും നിയമ വ്യവസ്ഥയോട് അതിരില്ലാത്ത വിധേയത്വവുമുണ്ടാകണം. അഴിമതി ഇല്ലാതാക്കുകയെന്നതു വിവരാവകാശ നിയമത്തിന്റെ ലക്ഷ്യവാചകങ്ങളിലൊന്നാണ്. രാജ്യത്തു വലിയ കോളിളക്കമുണ്ടാക്കിയ 2ജി സ്പെക്ട്രം അഴിമതി, ശവപ്പെട്ടി കുംഭകോണം തുടങ്ങിയവ പുറത്തുവന്നതു വിവരാവകാശ നിയമത്തിന്റെ പ്രയോഗത്തിലൂടെയാണ്. അഴിമതി രഹിത ജനാധിപത്യ ഭരണ സംവിധാനം യാഥാർഥ്യമാക്കുന്നതിൽ ഈ നിയമത്തിനു വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *