വൈതരണികളെ തട്ടി മാറ്റാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണം: അഡ്വ. പി. സതീദേവി

Estimated read time 1 min read

തൃശ്ശൂർ: ജീവിതത്തിലെ വൈതരണികളെ തട്ടി മാറ്റി മുന്നേറാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖല ക്യാമ്പിന്റെ ഭാഗമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. 

  ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. നിസാര പ്രശ്നങ്ങളെ പോലും തരണം ചെയ്യാനുള്ള മാനസികാവസ്ഥ ഇല്ലാതെ വിദ്യാസമ്പന്നരായവര്‍ ഉള്‍പ്പെടെ സ്ത്രീകള്‍ ആത്മഹത്യയിലേക്ക് പോകുന്ന സ്ഥിതി ആശങ്കപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തില്‍ നിയമ ബോധവത്ക്കരണത്തിനൊപ്പം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള ക്ലാസുകളും സ്ത്രീകള്‍ക്ക് നല്‍കണം. 

  അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താനാണ് വനിതാ കമ്മിഷന്‍ ഇടപെടലുകള്‍ നടത്തുന്നത്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകളുടെ അവസ്ഥ മനസിലാക്കുന്നതിനായാണ് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

  പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബേക്കര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷെമീം അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അരാഫത്ത്, സെലീന നാസര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോയ്‌നി ജേക്കബ്, ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടോണി ജോസഫ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അനിത സുരേഷ് എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിച്ചു.

യോഗത്തില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങള്‍

തീരദേശത്തെ ഗുരുതര അരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് വീടുകളില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പദ്ധതി തയാറാക്കണം. 

ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തനം വിപുലമാക്കണം. പാലിയേറ്റീവ് പരിചരണം, ഫിസിയോ തെറാപ്പി ആവശ്യമുള്ളവരെ കണ്ടെത്തി ലഭ്യമാക്കണം. കുടിവെള്ളം ലഭ്യമാവാത്ത വീടുകള്‍ കണ്ടെത്തി പരിഹാരം കാണണം. പ്രാദേശിക കുടിവെള്ള പദ്ധതികള്‍ നടപ്പാക്കണം. ജനിതക വൈകല്യങ്ങള്‍ ഉണ്ടോ എന്നു കണ്ടെത്താന്‍ ആരോഗ്യ പരിശോധന നടത്തണം. തീരദേശത്ത് അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കണം. സര്‍വേ പ്രശ്നങ്ങള്‍ പരിഹരിക്കണം. ഇതു സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിന് റവന്യൂ,  ഫിഷറീസ്, തദ്ദേശ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. മെഡിക്കല്‍ ക്യാമ്പില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ആവശ്യമായ മരുന്ന് വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് പദ്ധതി നടപ്പാക്കണം.

തദ്ദേശസ്ഥാപന തലത്തില്‍ ജാഗ്രതാ സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കണം. ആവശ്യമായ പരിശീലനം വനിതാ കമ്മിഷന്‍ നല്‍കും. സ്ത്രീകളുടെ പരാതികളില്‍ പോലീസ് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണം. രാസ ലഹരി, വ്യാജ മദ്യ ഉപയോഗം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കണം. വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി ലഹരി വില്‍പ്പനയിലേക്ക് പോകുന്നത് തടയണം. ഭൂമിയുടെ രേഖകള്‍ നഷ്ടമായവര്‍ക്ക് അതു ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ചൂഷണം തടയണം.

മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി തൊഴിലവസരം ഒരുക്കണം. ഫിഷറീസ് വകുപ്പും, കുടുംബശ്രീയും ഇതിനുള്ള പദ്ധതികള്‍ നടപ്പാക്കണം.  കുട്ടികളുടെ മാനസിക ശേഷി വികസിപ്പിക്കുന്നതിന് സ്‌കൂളുകളില്‍ ക്ലാസ് നടത്തണം.

ബഡ്സ് സ്‌കൂള്‍ കേന്ദ്രീകരിച്ച്  പ്രത്യേക തെറാപ്പിസ്റ്റുകളെ നിയമിക്കണം. 

 വരുമാനം വിനിയോഗിക്കുന്നതു സംബന്ധിച്ച് തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് കുടുംബശ്രീയും, ഫിഷറീസ് വകുപ്പും പരിശീലനം നല്‍കണം. കൗമാര പ്രായത്തിലുള്ള ബോഡി മാസ് ഇന്‍ഡക്സ് കുറവായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കണം.

You May Also Like

More From Author

+ There are no comments

Add yours