Kerala

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കും – മന്ത്രി സജി ചെറിയാന്‍

തൃശ്ശൂർ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്ന് സാസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. തൃശ്ശൂരില്‍ നടന്ന നവകേരള സദസിന് തുടർച്ചയായി ഫെബ്രു. 25 ന് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊല്ലത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു. വരും മാസങ്ങളില്‍ കാസര്‍കോഡും പാലക്കാടും ഉദ്ഘാടനം ചെയ്യും. നാലു ജില്ലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നല്‍കിക്കഴിഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലും 50 കോടിയിലധികം ചിലവഴിച്ച് സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കലാകാരന്‍മാരെ സംരക്ഷിക്കാനുള്ള സംരക്ഷണ കേന്ദ്രവും നിര്‍മ്മാണ ഘട്ടത്തിലാണ്. നാടകത്തിന് സ്ഥിരം തിയേറ്റര്‍ സംവിധാനം ആരംഭിക്കും. തിരുവന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോ ആധുനിക വത്ക്കരിക്കുന്നു. കൊച്ചിയിലും ചിത്രാജ്ഞലിയുടെ മാതൃകയില്‍ സ്റ്റുഡിയോ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ജനകീയ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂരില്‍ നടത്തുന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 ന് സാംസ്‌കാരിക മേഖലയിലുള്ളവരുമായി സംവദിക്കും. തൃശ്ശൂര്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടത്തിയ മുഖാമുഖം സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍. ബിന്ദു എന്നിവര്‍ രക്ഷാധികാരികളായും മന്ത്രി സജി ചെറിയാന്‍ ചെയര്‍മാനുമായ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. എം.പിമാര്‍, എംഎല്‍എമാര്‍, ജില്ലാകളക്ടര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ 251 അംഗങ്ങളുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയും 1001 അംഗങ്ങള്‍ അടങ്ങിയ ജനറല്‍ കമ്മിറ്റിയും രൂപീകരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *