Kerala

സാംസ്‌കാരിക പ്രവര്‍ത്തകരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ഫെബ്രു. 25 ന് തൃശ്ശൂരില്‍

തൃശ്ശൂര്‍: നവകേരള സദസ്സിന് തുടര്‍ച്ചയായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടി ഫെബ്രു. 25, രാവിലെ 9.30 ന് തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ജനകീയ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി  നടത്തുന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 ന് സാംസ്‌കാരിക മേഖലയിലുള്ളവരുമായി സംവദിക്കും. മന്ത്രിമാരായ കെ. രാജന്‍, കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍. ബിന്ദു എന്നിവര്‍ രക്ഷാധികാരികളായും, മന്ത്രി സജി ചെറിയാന്‍ ചെയര്‍മാനുമായും, മത്സ്യബന്ധനം കായിക ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍, എം.പിമാര്‍, എംഎല്‍എമാര്‍, ജില്ലാകളക്ടര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ 251 അംഗങ്ങളുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയും, 1001 അംഗങ്ങള്‍ അടങ്ങിയ ജനറല്‍ കമ്മിറ്റിയും രൂപീകരിച്ചു സംഘാടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. 

മുഖാമുഖത്തില്‍ കലാ-സാംസ്‌കാരിക രംഗത്തെ പ്രശ്‌നങ്ങളും അനുബന്ധ വിഷയങ്ങളും ചര്‍ച്ചചെയ്യും. തൃശ്ശൂരില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖത്തില്‍ രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കലാരംഗത്ത് പ്രാവീണ്യമുള്ളവരെ പ്രത്യേകം അതിഥികളായി ക്ഷണിച്ച് അവരുടെ അഭിപ്രായം കേള്‍ക്കും. ക്ഷണിച്ച എല്ലാവര്‍ക്കും സംസാരിക്കാന്‍ സമയ പരിമിതി മൂലം അവസരം ലഭിച്ചില്ലെങ്കില്‍ അഭിപ്രായം എഴുതി സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *