Kerala

സുരേഷ്‌ഗോപി വാക്ക് പാലിച്ചു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക്് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് 12 ലക്ഷം കൈമാറി

തൃശൂര്‍: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി 12 ലക്ഷം രൂപ നല്‍കി. 10 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കാമെന്ന്് കഴിഞ്ഞ നവംബറിലെ കേരളപ്പിറവിദിനത്തില്‍ താരസംഘടനയായ ‘അമ്മ’യുടെ ആഘോഷത്തിനിടെ സുരേഷ്‌ഗോപി അറിയിച്ചിരുന്നു.
ഇന്ന് രാവിലെ നെട്ടിശ്ശേരിയിലെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്.
അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നീ പത്ത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഒരാള്‍ക്ക്് 1,20,000 രൂപ ചിലവ് വരും. സര്‍ക്കാരില്‍ നിന്ന് പിന്നീട് ശസ്ത്രക്രിയയ്ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോള്‍ പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും കാലതാമസം വരും. പണം തിരിച്ചുകിട്ടുന്നതു പ്രകാരം അടുത്ത പത്ത് പേര്‍ക്ക്്് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം.
പണം തനിക്ക് തിരിച്ചുതരേണ്ടതില്ലെന്നും, സര്‍ക്കാരില്‍ നിന്ന് തുക തിരിച്ചുകിട്ടുന്ന മുറയ്ക്ക് അടുത്ത പത്ത് പേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും സുരേഷ്‌ഗോപി ചടങ്ങില്‍ നിര്‍ദേശിച്ചിരുന്നു. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.
മുംബൈ പ്രതീക്ഷാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സുജിത് ഭരത്, കിരണ്‍ കേശവന്‍, ബൈജു പുല്ലംങ്കണ്ടം, ഷീബ സുനില്‍, ടി.ആര്‍.ദേവന്‍ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *