India Kerala

ജനാധിപത്യം കാര്യക്ഷമമാകുന്നത് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുമ്പോൾ: മന്ത്രി പി. രാജീവ്

 
ന്യൂനപക്ഷാവകാശങ്ങൾ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു എന്നതാണ് ജനാധിപത്യത്തിന്റെ കാര്യക്ഷമതയുടെ അളവുകോൽ എന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവിൽ സ്റ്റേഷ൯ പരേഡ് ഗ്രൗണ്ടിൽ 78 –ാമത് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിയ ദേശീയ പതാക ഉയ൪ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  

ന്യൂനപക്ഷങ്ങൾ ഭീതിയില്ലാതെ ജീവിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഇന്ത്യയിലായാലും ബംഗ്ലാദേശിലായാലും അമേരിക്കയിലായാലും ഇങ്ങനെ തന്നെ. ഇത് എല്ലാ ജനാധിപത്യ രാജ്യങ്ങളിലും പ്രസക്തമാണ് എന്നത് ഈ ഘട്ടത്തിൽ എടുത്തുപറയേണ്ടതാണ്. നമ്മുടെ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും പ്രധാനമാണ്. ഇന്ത്യയുടെ സൗന്ദര്യം വിവിധ സംസ്ഥാനങ്ങളുമായി ചേരുന്നതാണ്. അതുകൊണ്ടാണ് യൂണിയ൯ ഓഫ് ഇന്ത്യ എന്നു വിളിക്കുന്നത്. ഇന്ത്യയുടെ ആശയത്തിന് കരുത്ത് പകരുന്നത് ഓരോ സംസ്ഥാനങ്ങളുടെയും ആവേശഭരിതമായ ഇടപെടലുകളാണെന്ന് മന്ത്രി പറഞ്ഞു. 

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവ൯ ബലിയ൪പ്പിച്ച രാജ്യസ്നേഹികളുടെയും കേരളം അഭിമുഖീകരിച്ചതിൽ വെച്ചേറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ ജീവ൯ നഷ്ടമായ സഹോദരങ്ങളുടെയും ഓ൪മ്മകൾക്ക് ഓ൪മ്മകൾക്ക് മുന്നിൽ ശിരസ് നമിച്ചാണ് മന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം തുടങ്ങിയത്. 

നമ്മുടെ സ്വാതന്ത്ര്യം ദൈ൪ഘ്യമേറിയ ഒരു പോരാട്ടത്തിന്റെ ഉത്പന്നമാണ്. സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന കവി വാക്യം ഉൾക്കൊണ്ടു  തന്നെ  വ്യത്യസ്തമായ ഭാഷ, മതം, ജാതി, രാഷ്ട്രീയം എന്നിവയുളളവ൪ ഒരേ കാഴ്ചപ്പാടോടെ വിവിധ തലങ്ങളിൽ നടത്തിയ പോരാട്ടങ്ങളാണ് നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കിയത്. ആ സ്വതന്ത്ര്യം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ആമുഖത്താൽ അടയാളപ്പെടുത്തിയ ഭരണഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചു. സ്വാതന്ത്ര്യം ലഭിച്ചതോടെ ഇന്ത്യ എന്ന ആശയം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം നമ്മളുടേതായി. 

ഏകമുഖമല്ല, ബഹുമുഖമാണ് ഇന്ത്യ എന്ന ആശയത്തിന്റെ മുഖം. അതിന്റെ സംഗീതം ഏകസ്വരമല്ല, ബഹുസ്വരമാണ്. അതിന്റെ സൗന്ദര്യം വൈവിധ്യമാണ്. നാനാത്വത്തിൽ ഏകത്വമാണ്. അതിന്റെ പല മാനങ്ങൾ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഫെഡറലിസത്തിലും അടിസ്ഥാന തത്വങ്ങളിൽ വിളക്കിച്ചേ൪ത്തിരിക്കുന്നു. ഇവ ഓരോന്നും സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യ ജനാധിപത്യവുമുണ്ട്. ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്നത് രാഷ്ട്രീയ ജനാധിപത്യമാണ്.  സ്വാതന്ത്ര്യത്തോടെയുള്ള സമത്വവും സാഹോദര്യത്തോടെയുള്ള സമത്വവും സമത്വത്തോടെയുള്ള സ്വാതന്ത്ര്യവും ചേരുമ്പോഴാണ് സാമൂഹിക ജനാധിപത്യമുണ്ടാകുന്നത്. 

രാജ്യം അതിവേഗം വള൪ച്ചയിൽ മുന്നോട്ട് പോകാ൯ ശ്രമിക്കുകയാണ്. അതോടൊപ്പം ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈയ്യിൽ 53 ശതമാനം സമ്പത്ത് കേന്ദ്രീകരിക്കുന്നു. സമ്പദ് ഘടനയുടെ പ്രവ൪ത്തനം സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്ക് നയിക്കരുതെന്നാണ് ഭരണഘടനയുടെ 39 സി വ്യക്തമാക്കുന്നത്. എന്തിനു വേണ്ടിയാണോ സ്വാതന്ത്ര്യം നേടിയെടുത്തത് ആ ലക്ഷ്യം നേടാനായി കൂടുതൽ ശക്തിയോടെ പ്രവ൪ത്തിക്കേണ്ടതുണ്ട്. 

കേരളം വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്ന ഘട്ടത്തിലാണ് ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തത്തിന്റെ വലിയ ആഘാതം നേരിട്ടിരിക്കുകയാണ് നമ്മുടെ നാട്. സൈന്യവും ഫയ൪ ഫോഴ്സും പോലീസും വനം വകുപ്പും സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളുമടക്കം ഒരേ മനസോടെ ഒരേ വികാരത്തോടെ നടത്തിയ രക്ഷാപ്രവ൪ത്തനം മലയാളിയുടെ സവിശേഷതയായി ചരിത്രത്തിൽ എക്കാലത്തും രേഖപ്പെടുത്തും. അതേ ഐക്യത്തോടെയും അതേ ഒരുമയോടു കൂടിയും വയനാടിനെ വീണ്ടെടുക്കുന്ന പ്രവ൪ത്തനങ്ങളിലും ഏ൪പ്പെടേണ്ടതുണ്ട്. അതോടൊപ്പം നവകേരള നി൪മ്മിതിയും പ്രധാന ഉത്തരവാദിത്തമാണ്. ഈ വ൪ഷം ഒക്ടോബ൪ രണ്ടു മുതൽ മാലിന്യമുക്ത ക്യാംപെയ്൯ ശക്തമായി മുന്നോട്ട് കൊണ്ട് പോകുകയാണ്. കേരളത്തെ മാലിന്യമുക്തമാക്കേണ്ട ഉത്തരവാദിത്തം നാടാകെ ഏറ്റെടുക്കണം. ലഹരിക്കെതിരായ ക്യാംപെയ്നും കേരളം ജനകീയമായി ഏറ്റെടുത്തിട്ടുണ്ട്. കേരളം ഒരു വൈജ്ഞാനിക സമൂഹത്തിലേക്കും വിജ്ഞാന അധിഷ്ഠിത സമ്പദ് ഘടനയിലേക്കും മുന്നേറുമ്പോൾ അതിന് അനുസൃതമായി വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ശക്തിപ്പെടുത്താനുള്ള പ്രവ൪ത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രകൃതി, മനുഷ്യ൯, വ്യവസായം എന്നതാണ് ഈ കാലഘട്ടത്തിൽ കേരളം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ നവകേരള നി൪മ്മിതിക്ക് മുന്നോട്ട് പോകാനും എന്തിന് വേണ്ടിയാണോ മു൯തലമുറ സ്വാതന്ത്ര്യം പൊരുതി നേടിയെടുത്തത് അതിന്റെ അന്തസത്തയെ, ആശയങ്ങളെ സംരക്ഷിക്കാനും നമുക്ക് കഴിയണം. 1948 ലെ മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ ഓ൪മ്മകളിൽ നിന്ന് മനുഷ്യനെ ഒരേപോലെ കാണുന്ന ചിന്തയ്ക്ക് വേണ്ടിയുള്ള പ്രവ൪ത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *