Court Kerala News

ബൈക്കിന് തകരാർ, വില 84803 രൂപയും പലിശയും നഷ്ടം 15000 രൂപയും നൽകുവാൻ വിധി.

ബൈക്കിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലുള്ള ശ്രീ രുദ്ര ബജാജ് ഉടമക്കെതിരെയും മണ്ണുത്തിയിലെ ഗ്രാൻഡ് മോട്ടോർസ് ഉടമക്കെതിരെയും പൂനെയിലെ ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. സുജിത്ത് സുരേന്ദ്രൻ 84803 രൂപ നൽകിയാണ് ബജാജ് കമ്പനിയുടെ പൾസർ ബൈക്ക് വാങ്ങുകയുണ്ടായത്. വാഹനത്തിന് വ്യത്യസ്തമായ ഒട്ടേറെ തകരാറുകൾ കാട്ടിയിരുന്നു. പരാതിപ്പെട്ടിട്ടും എതിർകക്ഷികൾക്ക് തകരാറുകൾ പരിഹരിക്കുവാനായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. വാഹനത്തിൻ്റെ എഞ്ചിന് ഗുരുതരമായ തകരാറുള്ളതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് വാഹനത്തിൻ്റെ വില 84803 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *