ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂർണം; വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Estimated read time 1 min read

ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി. 

സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും പരാതികളും അപ്പപ്പോൾ തന്നെ പരിഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോൾ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്.

കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടർമാരും സ്ത്രീവോട്ടർമാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കായി. വോട്ടർമാർക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് ബൂത്തുകളിൽ വീൽചെയർ, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥർ ബൂത്തുകൾക്ക് സുരക്ഷയേകി. എട്ട് ജില്ലകളിൽ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. 

        വോട്ടിങ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷൻ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങൾ 20 കേന്ദ്രങ്ങളിലുള്ള സ്ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

You May Also Like

More From Author

+ There are no comments

Add yours