Kerala

നാടൻ കലകൾ അതിജീവനത്തിന്റെ ആത്മാവിഷ്‌കാരം: മുഖ്യമന്ത്രി പിണറായി വിജയൻ

*  ഫോക്‌ലോർ പുരസ്‌കാരങ്ങൾ സമർപ്പിച്ചു:

* പൈതൃക ടൂറിസത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവൽ സംഘടിപ്പിക്കും

ജനതകളുടെ അതിജീവനത്തിന്റെ ആത്മാവിഷ്‌കാരമാണ് നാടൻകലകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാര സമർപ്പണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

നാടൻകലകളെ സംരക്ഷിക്കുക എന്നതിനർത്ഥം നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നതാണ്.  അതുകൊണ്ടുതന്നെ അത്തരം കലകളുടെ സംരക്ഷണത്തിനും കലാകാരന്മാരുടെ അതിജീവനത്തിനും വേണ്ടതു ചെയ്യണം എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു നാട്ടിൽ നിന്ന് ഒരു കല അന്യമായാൽ ആ നാടിന്റെ ചരിത്രമാണ് ഇല്ലാതാകുന്നത്. ഈ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് സർക്കാർ കേരളീയം സംഘടിപ്പിച്ചത്. ആ സമയത്ത് ചിലർ വലിയ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. കേരളീയത്തിൽ പങ്കെടുക്കാൻ ആളുണ്ടാവില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യദിവസം മുതൽ തന്നെ 30 വേദികളിലേക്കുമുണ്ടായ ആളൊഴുക്ക്. ഓരോ ദിവസവും ഏതാണ്ട് മൂന്നുലക്ഷം പേരാണ് കേരളീയത്തിൽ പങ്കെടുക്കാനായി നഗരത്തിലേക്കെത്തിയത്.

ഒരു ആരോപണവും വിലപ്പോകാതെ വന്നപ്പോൾ കേരളീയത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ഫോക്‌ലോർ അക്കാദമി അവതരിപ്പിച്ച ‘ആദിമം’ എന്ന പരിപാടിയെ അവർ ആക്രമിച്ചു. ആദിവാസികളെ അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. അതിനെതിരെ ആദിവാസി കലാകാരന്മാർ തന്നെ രംഗത്തെത്തി. കേരള സർക്കാർ, ഫോക്‌ലോർ അക്കാദമിയിലൂടെ നൽകുന്ന അവസരങ്ങളും ആനുകൂല്യങ്ങളും അവർ അക്കമിട്ടുനിരത്തി. കേരളീയത്തിൽ നിന്ന് ആദിവാസികൾക്കും ആദിവാസി കലകൾക്കും ലഭിച്ച സ്വീകാര്യത അവർ വ്യക്തമാക്കി. അങ്ങനെ സർക്കാരിനെ കരിവാരിത്തേക്കുവാനുള്ള ചിലരുടെ അവസാന ശ്രമവും വൃഥാവിലായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കാർഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ് നാടൻകലകളുടെ ചരിത്രം. അധ്വാനത്തിന്റെ ആയാസം കുറയ്ക്കുവാൻ തൊഴിലിടങ്ങളിൽ ഒത്തുചേർന്ന് പണിയെടുക്കുന്നവർ അവതരിപ്പിച്ച കലകളാണ് അവയിൽ അധികവും. നാടൻകലകളിലൂടെ അവർ ഒരുമയുടെ താളം ചേർത്തു. ആ കലകളിലൂടെ അവർ പങ്കുവെച്ചത് അവരുടെ ജീവിതാനുഭവങ്ങളാണ്. സന്തോഷവും സങ്കടവും, ആശയും നിരാശയും, ആശങ്കയും പ്രതീക്ഷയും ഒക്കെ പ്രകടിപ്പിക്കുവാനുള്ള മാധ്യമമായി അവർ കലയെ രൂപപ്പെടുത്തി. ജനങ്ങളിൽ സാമൂഹികബോധം വളർത്തുന്നതിനും അസമത്വങ്ങളെയും അനാചാരങ്ങളെയും എതിർക്കുന്നതിനുമുള്ള ഉപകരണമായും നാടൻകലകളെ അവർ ഉപയോഗിച്ചു. അനുഷ്ഠാന കലകളായി നാം അവതരിപ്പിക്കുന്ന നാടൻകലകളുടെ ആവിഷ്‌ക്കാരം ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. വഴി നടക്കുന്നതിനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു ജനത, തങ്ങൾ തന്നെയാണ് ദൈവം എന്നു പ്രഖ്യാപിച്ചുകൊണ്ട്, കാവുകളിലും കുളങ്ങളിലും നിറഞ്ഞാടുന്ന വലിയ വിപ്ലവാത്മകത അനുഷ്ഠാന കലകളിൽ കാണാനാകും.

അടിസ്ഥാന ജനതയ്ക്ക് ആരാധിക്കുവാനുള്ള അവകാശം പ്രഖ്യാപിച്ച മുത്തപ്പൻ തെയ്യവും ‘നീങ്കളെ കൊത്ത്യാലും ഒന്നല്ലെ ചോര, നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര’ എന്നു സർവ്വജ്ഞനെ പാഠം പഠിപ്പിച്ച പൊട്ടൻ തെയ്യവും അസമത്വത്തിനെതിരായ പ്രതികരണത്തിന്റെ പ്രതീകങ്ങളാണ്. അന്ധകാരം നിറഞ്ഞ സാമൂഹിക വ്യവസ്ഥിതിക്കെതിരെ ആർജവത്തോടെ പ്രതികരിക്കാൻ അതതു കാലങ്ങളിൽ രൂപപ്പെട്ട വിജ്ഞാന ശാഖകൾ കൂടിയാണ് നാടൻകലകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ കേരള ഫോക്‌ലോർ അക്കാദമി കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകയാണ്. കേരളത്തിന്റെ നാടൻകലകളുടെ ഖ്യാതി ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനും പൈതൃക ടൂറിസത്തിന്റെ ഭാഗമായി ലോക സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുമായി സർക്കാർ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ കൂടി നടപ്പാകുന്നതോടെ നാടൻ കലാ അക്കാദമിക്കും നാടൻ കലാകാരന്മാർക്കും സാംസ്‌കാരിക ലോകത്ത് വലിയ സ്ഥാനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരസ്‌കാര സമർപ്പണ ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സമരാധിഷ്ഠിത സാംസ്‌കാരിക പ്രവർത്തനങ്ങളുടെ പേരുകൂടിയാണ് ഫോക്‌ലോർ എന്ന് അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം രൂപയും വെങ്കല ശിൽപവും കീർത്തിപത്രവും ഉൾപ്പെടുന്ന പി.കെ കാളൻ പുരസ്‌കാരം ചിമ്മാനക്കളി ആചാര്യൻ കെ. കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു. അസുഖബാധിതനായ അദ്ദേഹത്തിന് പകരം മകളുടെ ഭർത്താവാണ് പുരസ്‌കാരം സ്വീകരിച്ചത്.

തുടർന്ന് 157 കലാകാരന്മാർക്കുള്ള അക്കാദമി അവാർഡ് സമർപ്പണം വേദിയിൽ നടന്നു. 11 ഫെലോഷിപ്പുകൾ, 14 ഗുരുപൂജ, 107 അവാർഡുകൾ, 17 യുവ പ്രതിഭ, 2 ഗ്രന്ഥരചന, 1 ഡോക്യുമെന്ററി, 5 എം എ ഫോക് ലോർ എന്നിവ ഉൾപ്പെടെ 157 പുരസ്‌കാരങ്ങളാണ് വേദിയിൽ വിതരണം ചെയ്തത്. വി.കെ പ്രശാന്ത് എം.എൽ.എ, കെ.വി സുമേഷ് എംഎൽഎ എന്നിവർ വിശിഷ്ട സാന്നിധ്യമായി.

സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ മായ, തെയ്യം കലാകാരൻ ഇ പി നാരായണൻ പെരുവണ്ണാൻ, ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട്, കെ വി കുഞ്ഞിരാമൻ, പ്രസീത ചാലക്കുടി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി എ വി അജയകുമാർ നന്ദിയും പറഞ്ഞു. പുരസ്‌കാരസമർപ്പണ സന്ധ്യയോടനുബന്ധിച്ച് വൈകിട്ട് മൂന്ന് മണി മുതൽ നാടൻപാട്ടും നാടൻ കലകളുടെ അവതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *