Court Kerala Law

വനത്തില്‍ നിന്നും ചന്ദനമരം കടയോടെ മുറിച്ച് കഷണങ്ങളാക്കി കടത്തിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി.

തൃശ്ശൂര്‍: ചാലക്കുടി വനം ഡിവിഷനു കീഴിലുള്ള വെള്ളിക്കുളങ്ങര റേഞ്ചിലെ മുപ്ലിയം കോടശ്ശേരി സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറി പച്ച ചന്ദനമരം കടയോടെ മുറിച്ച് കഷണങ്ങളാക്കി കടത്തികൊണ്ടു പോയ കേസില്‍ ഒളിവില്‍ പോയ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീ. പി പി സെയ്തലവി തള്ളി ഉത്തരവായി.

കേസില്‍ പ്രതികളായ എറണാകുളം പറവൂര്‍ ഗോതുരുത്ത് ദേശത്ത് വാടാപ്പുറത്ത് മൈക്കിള്‍ മകന്‍ മനു മൈക്കിള്‍ (33 വയസ്സ്), തൃശ്ശൂര്‍ കോടാലി മുരിക്കിങ്കല്‍ ദേശത്ത് ഹൈന്തൂര്‍ വീട്ടില്‍ അബൂബക്കര്‍ മകന്‍ സിദ്ധിഖ് ( 40 വയസ്സ്) എന്നവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് സെഷന്‍സ് കോടതി തള്ളി ഉത്തരവായത്.

31.10.2023നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോടശ്ശേരി സംരക്ഷിത വനമേഖലയില്‍ ചന്ദനമരം വീണുകിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പച്ച ചന്ദനമരം മുറിച്ച് കടഭാഗത്തു നിന്നുള്ള കാതല്‍ കടത്തികൊണ്ടുപോയതായി കണ്ടെത്തിയത്. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷന്‍, ഇതു സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തിയതില്‍ നാലു പ്രതികളെ കുറ്റക്കാരാക്കി കേസെടുക്കുകയും ഒന്നാം പ്രതി ജോയി @ വീരപ്പന്‍ ജോയിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ടിയാന്റെ കുറ്റസമ്മതപ്രകാരം രണ്ടും മൂന്നൂം പ്രതികള്‍ ചേര്‍ന്നാണ് ചന്ദനമരം മുറിച്ചെടുത്തിട്ടുള്ളതെന്ന് വെളിവായിട്ടുള്ളതാണ്. വനത്തില്‍ അതിക്രമിച്ചു കയറി ഇത്തരത്തില്‍ വിവിധ കേസുകളില്‍ മുമ്പും ഉള്‍പ്പെട്ടിട്ടുള്ള രണ്ടും മൂന്നും പ്രതികളുടെ ഒളിവിലിരുന്നുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സെഷന്‍സ് കോടതി തള്ളി ഉത്തരവായത്.

കേസ് ഫയലും രേഖകളും സെഷന്‍സ് കോടതി പരിശോധിച്ചതില്‍, പ്രതികള്‍ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഇതിനു മുമ്പ് ഏകദേശം ആറോളം കേസുകളില്‍ പ്രതിയാണെന്നുള്ളതും സ്ഥിരം കുറ്റവാളികളാണെന്നതും പ്രതികള്‍ ചെയ്ത കുറ്റത്തിന്റെ ആഴം നിസ്സാരവല്‍ക്കരിക്കാവുന്നതല്ലെന്ന സംഗതിയും സ്ഥിരമായി ഇത്തരം കുറ്റം തുടര്‍ന്നു പോരുന്നതിലെ ഗൗരവം പരിഗണിക്കണമെന്നും ആയതിനാല്‍ പ്രതികള്‍‍‍ക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ബി സുനില്‍കുമാറിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *