Uncategorized

സൈബർ ക്രൈം – ആവലാതിക്കാരിയുടെ പക്കൽ നിന്നും പതിനാല് ലക്ഷത്തോളം രൂപ തട്ടിച്ചെടുത്തതിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി

പ്രതികള്‍ ടെലിഗ്രാം അക്വണ്ട് മുഖേന ഗ്ലോബൽ കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു ദിവസം 90 ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിലൂടെ അധികവരുമാനം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആവലാതിക്കാരിയുടെ പക്കൽ നിന്നും പതിനാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തതിൽ മലപ്പുറം ജില്ല ചെമ്പ്രശ്ശേരി വില്ലേജ് ടി ദേശത്ത് തെച്ചിയോടൻ വീട്ടിൽ സുലൈമാൻ മകൻ മുഹമ്മദ് ഷഹീദ് (29 വയസ്സ്) എന്നവരുടെ മുൻകൂർ‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. പി. സെയ്തലവി തളളി ഉത്തരവായി.

2023 ഡിസംബർ മുതൽ 2024 ജനുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്ലീയർ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ഒരു ദിവസം 90 ഹോട്ടൽ റൂം ബുക്ക് ചെയ്തു നൽകുന്ന ടാസ്ക് പൂർത്തീകരിക്കുന്നതു വഴി 1200/- മുതൽ 1800/-രൂപ വരെ പാർട്ട് ടൈം ജോബിലൂടെ ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ആവലാതിക്കാരിയുടെ പക്കൽ നിന്നും പതിനാല് ലക്ഷത്തോളം രൂപ വിവിധ അക്വണ്ടുകളിലൂടെ പ്രതി തട്ടിയെടുക്കുകയായിരുന്നു. ട്രയൽ ടാസ്കുകൾ പൂർത്തിയാക്കിയ ആവലാതിക്കാരിക്ക് അക്വണ്ടിൽ പണം നിക്ഷേപിച്ചു നൽകുന്നതുവഴി പ്രതിയും, സഹപ്രതികളും ഗ്രൂപ്പ് ആയി ടാസ്കിൽ ചേ‍ർന്ന് ആവലാതിക്കാരിയുടെ വിശ്വാസം ആർജ്ജിച്ചാണ് തട്ടിപ്പു നടത്തിയത്. സംഭവത്തിൽ ആവലാതിക്കാരിയുടെ പരാതിയിൽ സൈബർ പോലീസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരവെ, അറസ്റ്റ് ഒഴിവാക്കുന്നതിന് പ്രതി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകുകയായിരുന്നു.

കേസിൽ അന്വേഷണം പ്രാരംഭദിശയിലാണെന്നും ചോദ്യം ചെയ്യലിന് പ്രതി നാളിതുവരെ സഹകരിച്ചിട്ടില്ലെന്നും പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടത് അനിവാര്യമാണെന്നും കൂടുതൽ ബാങ്ക് രേഖകളും ഇലക്ട്രോണിക് രേഖകളും പരിശോധിക്കേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടരന്വേഷണത്തിന് തടസ്സമാകുമെന്നും ആയതിനാൽ ‍പ്രതി‍‍‍‍ക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീ. കെ. ബി സുനില്‍കുമാറിന്റെ വാദങ്ങള്‍ കണക്കിലെടുത്തുമാണ്, പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *