India Kerala Politics

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാന്‍ കെപിസിസി എക്സിക്യൂട്ടീവ് യോഗ തീരുമാനo.

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാന്‍ തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയില്‍ സമാപിക്കും.

140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗ ങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അതത് ജില്ലകളുടെ പുറത്തുള്ള 140 പേര്‍ക്ക് ചുമതല നല്‍കും.

തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ 20 വാര്‍ റൂമുകള്‍ ലോക്സഭാ മണ്ഡലാടിസ്ഥാനത്തില്‍ തുറക്കും. കെപിസിസിയില്‍ സെന്‍ട്രല്‍ വാര്‍ റൂമും പ്രവര്‍ത്തിക്കും.

മകളേ മാപ്പ്

ജനുവരി 7ന് വണ്ടിപ്പെരിയാറില്‍ ‘മകളെ മാപ്പ്’ എന്ന പേരില്‍ 5000 വനിതകള്‍ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം. 7ന് ഉച്ചയ്ക്ക് 2 ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പങ്കെടുക്കും.

ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഭൂപതിവ് നിയമഭേദഗതി എത്രയും വേഗം നടപ്പാക്കണം. ഗവര്‍ണ്ണറും സര്‍ക്കാരും ഇക്കാര്യത്തില്‍ ഒത്തുകളിച്ച് നിയമം നടപ്പാക്കുന്നതില്‍നിന്ന് ഒളിച്ചോടുകയാണെന്ന് യോഗം വിലയിരുത്തി.

സംസ്ഥാനത്തെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയിലാണ്. റബറിന് 250 രൂപ വില ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരമേറ്റവര്‍ ഇപ്പോള്‍ അതേക്കുറിച്ച് മിണ്ടുന്നില്ല. സംഭരിച്ച നെല്ലിന്റെ വിലകിട്ടാതെ കര്‍ഷകര്‍ കടക്കെണിയിലാണ്. കര്‍ഷക ആത്മഹത്യകള്‍ തുടരുകയാണ്. വന്യജീവി ശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. കര്‍ഷക പ്രശ്നം ഏറ്റെടുത്ത് സമരം നടത്തുന്ന കര്‍ഷക കോണ്‍ഗ്രസിന് എല്ലാ പിന്തുണയും നല്കും.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. മറിയക്കുട്ടിയെ പോലുള്ള 50 ലക്ഷത്തിലധികം പേരാണ് ഇപ്പോള്‍ നരകയാതന അനുഭവിക്കുന്നത്. സര്‍ക്കാരില്‍നിന്ന് ആനുകൂല്യം ലഭിക്കാത്തതുമൂലം വലിയൊരു ജനവിഭാഗം കൊടിയ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു.

ക്രിസ്മസ് ചന്ത

ക്രിസ്തുമസ് -പുതുവത്സരത്തോട് അനുബന്ധിച്ച് തുറക്കാറുള്ള ന്യായവില ചന്തകള്‍ ഇത്തവണ വന്‍ പരാജയമായിരുന്നു.സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ലായിരുന്നു. രൂക്ഷമായ വിലക്കയറ്റം ജനങ്ങളെ വരിഞ്ഞ് മുറുക്കുമ്പോഴും സര്‍ക്കാര്‍ ഇടപെടുന്നില്ല. നവകേരള സദസുകൊണ്ട് എന്ത് പ്രയോജനം കിട്ടിയെന്ന് ആര്‍ക്കും വ്യക്തമല്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്കിയ പരാതികള്‍ കുമിഞ്ഞ് കൂടിക്കിടക്കുന്നു.സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന്റെ സഹായം നിലച്ചത് കൊണ്ടാണെന്നാണ് പിണറായി സര്‍ക്കാരും സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നല്കിയെന്നു കേന്ദ്രവും പറയുന്നു. ഇതിന്റെ യഥാര്‍ത്ഥ വസ്തുത അറിയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു എന്നീ പോഷകസംഘടനകള്‍ നടത്തിയ ഉജ്വല പോരാട്ടത്തെ കെപിസിസി അഭിനന്ദിച്ചു. നവകേരള സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 174 ഇടങ്ങളില്‍ കരിങ്കൊടി കാട്ടി. 500 ലധികം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 22 പേര്‍ക്ക് പരിക്കേറ്റു. അതില്‍ 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയരായി. സമര മുഖത്ത് അണിനിരന്ന പ്രവര്‍ത്തകര്‍ക്ക് നിമയസഹായവും ചികിത്സാ സഹായവും നല്‍കി. നിയമസഹായം നല്കാന്‍ അഭിഭാഷക സംഘത്തെ നിയോഗിച്ചു.

രാജ്യത്തിനായി സംഭാവന

എഐസിസിയുടെ ധനശേഖരണാര്‍ത്ഥം നടപ്പാക്കിയ ‘രാജ്യത്തിനായി സംഭാവന ചെയ്യുക’എന്ന പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കെപിസിസി യോഗം അഭ്യര്‍ത്ഥിച്ചു. നിസഹകരണ പ്രസ്ഥാനത്തിന് ഫണ്ട് സ്വരൂപിക്കാന്‍ മഹാത്മഗാന്ധി ആവിഷ്‌കരിച്ച തിലക് സ്വരാജ് ഫണ്ടില്‍നിന്ന് മാതൃകയാക്കിയാണിതു നടപ്പാക്കുന്നത്. കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക വാര്‍ഷികത്തോട് അനുബന്ധിച്ച് 138 രൂപയോ അതിന്റെ ഗുണിതങ്ങളായ 1380, 13800 തുടങ്ങിയവയോ നല്കാം. www.inc.in, donateinc.in എന്നീ സൈറ്റുകളില്‍ ലിങ്ക് ലഭ്യമാണ്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എകെ ആന്റണി, രമേശ് ചെന്നിത്തല, ഡോ.ശശി തരൂര്‍,കൊടിക്കുന്നില്‍ സുരേഷ്, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം.സുധീരന്‍,കെ.മുരളീധരന്‍,സംസ്ഥാനത്ത് നിന്നുള്ള എഐസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍,കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടനകളുടെ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *