ഇരിങ്ങാലക്കുട: മോട്ടോർസൈക്കിളിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകുലവിധി.ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കരപറമ്പിൽ വീട്ടിൽ രാജുമോൻ ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ ചോയ്സ് മോട്ടോർസ് ഉടമക്കെതിരെയും കൊച്ചി ഇടപ്പിള്ളിയിലെ ടി വി എസ് മോട്ടോർ കമ്പനി മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മോട്ടോർ സൈക്കിൾ വാങ്ങി ഉപയോഗിച്ചുവരവെ സ്റ്റിയറിങ്ങിനും ഫോർക്കിനും മറ്റും തകരാറുകൾ കാട്ടുകയുണ്ടായിട്ടുള്ളതാകുന്നു. തകരാറുള്ള ഭാഗങ്ങൾ മാറ്റി നൽകുകയുണ്ടായെങ്കിലും തകരാറുകൾ ആവർത്തിക്കപ്പെടുകയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായിട്ടുള്ളതാകുന്നു. എതിർകക്ഷികളുടെ തെറ്റായ പ്രവൃത്തികൾ കൊണ്ട് ഹർജിക്കാരന് നഷ്ടം സംഭവിച്ചു എന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും ഹർജിതിയ്യതി മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
