India International Kerala

അമീബിക് മസ്തിഷ്‌കജ്വരം: ജർമനിയിൽ നിന്നെത്തിച്ച മരുന്ന് മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌കജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജർമനിയിൽ നിന്നുമെത്തിച്ച മരുന്ന് വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിൽ നിന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്.

മരുന്നെത്തിച്ച യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിനും ടീമിനും മന്ത്രി നന്ദി അറിയിച്ചു. വളരെ അപൂർവമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. സംസ്ഥാനത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തിൽ എല്ലാ എൻസെഫലൈറ്റിസുകളിലും രോഗ കാരണം പരിശോധിച്ച് കണ്ടുപിടിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. സമീപകാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തപ്പോഴൊക്കെ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തി. കേന്ദ്രത്തിന്റെ മരുന്ന് വിതരണത്തിൽ അപൂർവമായി മാത്രം ലഭിക്കുന്നതാണിത്. പക്ഷെ നമുക്കതിന്റെ നേരിട്ടുള്ള വിതരണമില്ല. വളരെ അപൂർവമായിട്ട് ഉപയോഗിക്കപ്പെടുന്ന മരുന്ന് കൂടിയാണിത്. സംസ്ഥാനത്ത്  കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തന്നെ ആരോഗ്യവകുപ്പ് ഇടപെട്ട് മരുന്നുകളെത്തിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചയാളെ രാജ്യത്ത് തന്നെ അപൂർവമായി രോഗമുക്തിയിലേക്കെത്തിക്കാനും അടുത്തിടെ കേരളത്തിനായി. വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടിയാണ് വിപിഎസ് ഗ്രൂപ്പ് മരുന്ന് നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ.എം.എസ്.സി.എൽ. എംഡി ജീവൻ ബാബുവും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *