Kerala

പി.എസ്.സി കോഴ: പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം പിഎസ്സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നത്. ഇത് നാട്ടിലെ നിയമം അനുസരിച്ച് കുറ്റമായിരുന്നിട്ട് കൂടി പൊലീസ് ഇടപെടുന്നില്ല. പണം എങ്ങനെയാണ് കൈമാറിയതെന്നും അതിന്റെ സോഴ്സ് എന്താണെന്നും വെളിപ്പെടുത്തണം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതികൂട്ടിലായിട്ടുള്ളതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

എന്തുകൊണ്ടാണ് ഇത് സംബന്ധിച്ച് ഒരു കേസും പൊലീസ് രജിസ്റ്റർ ചെയ്യാത്തത്? എന്താണ് വാദിയേയും ആരോപണവിധേയനെയും പൊലീസ് ചോദ്യം ചെയ്യാത്തത്? ലക്ഷോപലക്ഷം ചെറുപ്പക്കാരുടെ അത്താണിയാണ് പിഎസ്സി. ആ ഭരണഘടനാ സ്ഥാപനത്തിലെ മെമ്പറാക്കാമെന്ന് പറഞ്ഞാണ് കോഴ വാങ്ങിയത്. പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള സംവിധാനം പിഎസ്സിയിലുണ്ടെന്ന് നേരത്തെ തന്നെ ബോധ്യമായതാണ്. കേരളത്തിൽ 21 പിഎസ്സി മെമ്പർമാരാണുള്ളത്. ഇതിന്റെ എട്ട് ഇരട്ടി ജനങ്ങളുള്ള യുപിയിൽ ഇത് ഒമ്പതാണ്. പിണറായി സർക്കാരിന്റെ കാലത്ത് നടന്ന മുഴുവൻ പിഎസ്സി നിയമനങ്ങളും അന്വേഷിക്കണം. മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടേയും വിശ്വസ്തനായ ആളാണ് പ്രമോദ് കോട്ടൂളി. വലിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളും കള്ളപ്പണ ഇടപാടുകളും നടത്തുന്നയാളാണ് ഇയാൾ. പരാതിക്കാരന്റെ വീട്ടിൽ സത്യാഗ്രഹം ഇരുന്ന് ഭീഷണിപ്പെടുത്തുകയാണ് പ്രതി ചെയ്യുന്നത്. എളമരം കരീന്റെയും പി.മോഹനന്റെയും സ്വന്തം ആളാണ് പ്രമോദ്. നേരത്തെ തന്നെ മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വന്തക്കാരനായിരുന്നു. ഗുരുതരമായ കേസാണിത്. ഇതിൽ കള്ളപ്പണ ഇടപാട് നടന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെ നിയമപരമായി നേരിടാനാണ് ബിജെപിയുടെ തീരുമാനം. ഡിജിപിക്ക് ഔദ്യോഗികമായി പരാതി നൽകും. ഗവർണറെയും സമീപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കോടികളുടെ അഴിമതിയാണ് സിപിഎം നേതാക്കൾ നടത്തുന്നത്. കെഎസ്ആർടിസി സ്റ്റാൻഡ് അഴിമതിയിൽ കോടികൾ തട്ടി. കേരളത്തിന്റെ അഭിമാനമായിരുന്ന 300 കോടി രൂപ വിലമതിക്കുന്ന പൊതുമേഖല സ്ഥാപനമായ സ്റ്റീൽ കോംപ്ലക്സ് 30 കോടിക്ക് ചത്തീസ്ഗഡ് കമ്പനിക്ക് വിൽക്കുകയാണ് സർക്കാർ ചെയ്യുന്നത്. മറ്റൊരു പ്രധാന പൊതുമേഖല സ്ഥാപനം കോൺട്രസ്റ്റ് ഹോട്ടൽ സമുച്ചയമാക്കി മാറ്റാൻ ശ്രമിക്കുന്നു. തുറമുഖം വകുപ്പിന്റെ കടപ്പുറത്തെ സ്ഥലം സിപിഎം നേതാവിന്റെ ബന്ധുവിന് പതിച്ച് നൽകുന്നു. എല്ലാത്തിലും കോഴിക്കോട് നഗരത്തിലെ ഭൂമാഫിയകൾക്ക് പങ്കുണ്ട്. കഴിഞ്ഞ എട്ടുവർഷമായി കേരളത്തിൽ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത് ഈ റിയൽ എസ്റ്റേറ്റ് മാഫിയകളാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സിപിഎം ഓഫീസുകളിൽ നിന്നും കൊടുക്കുന്ന വാർത്ത മാദ്ധ്യമങ്ങൾ കൊടുക്കരുതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. പ്രാദേശിക ബിജെപി നേതാവിന് കോഴ ഇടപാടിൽ പങ്കുണ്ടെന്ന വാർത്ത സിപിഎമ്മിന്റെ ക്യാപ്സൂളാണ്. ഏത് ബിജെപി നേതാവിനാണ് പങ്കെന്ന് വാർത്ത കൊടുക്കുന്നവർ വ്യക്തമാക്കണം. സിപിഎമ്മിന്റെ അജണ്ടയ്ക്ക് മാദ്ധ്യമങ്ങൾ നിന്നു കൊടുക്കരുത്. വ്യാജ വാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *