Kerala News

ഒളകര ആദിവാസി ഊരിലുള്ളവരുടെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണും – മന്ത്രി കെ. രാജന്‍

ഒളകര ആദിവാസി ഊരില്‍ താമസിക്കുന്നവരുടെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിയമപരമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. വനഭൂമിയില്‍ ആദിവാസികള്‍ക്ക് പട്ടയം അനുവദിക്കുന്നതിനെ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് ഒഴിവാക്കുന്നതിന് ആവശ്യമെങ്കില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒളകര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് തങ്ങള്‍ ജീവിക്കുന്ന ഭൂമിയുടെ അവകാശം ലഭിക്കുക എന്നത്. വനം വകുപ്പിന്റെ ചട്ടങ്ങളും നിലപാടുകളുമാണ് പതിറ്റാണ്ടുകളായുള്ള ആദിവാസി ജനവിഭാഗങ്ങളുടെ ആവശ്യത്തിന് തടസം. 2016 മുതല്‍ ഇതില്‍ നിരന്തര ഇടപെടല്‍ നടത്തുകയും ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു. നിവാസികളുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച് ഭൂമി അളന്ന് തിരിച്ചു. ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലം തിട്ടപ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാനതല സമിതിക്ക് കൈമാറുകയും ചെയ്തിരുന്നു. അവിടെ വനം വകുപ്പ് എതിര്‍പ്പ് അറിയിച്ചു. ഇതിനിടയില്‍ വണ്‍ എര്‍ത്ത് വണ്‍ ലൈന്‍ എന്ന സംഘടന ഭൂമി വിതരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടുകയും ചെയ്തു. സ്റ്റേ വെക്കേറ്റ് ചെയ്യിപ്പിക്കാനുള്ള ഇടപെടലാണ് ഇപ്പോള്‍ സര്‍ക്കാരും റവന്യൂ വകുപ്പും നടത്തുന്നത്. സ്റ്റേ ഒഴിവാക്കി കിട്ടിയാല്‍ ഒട്ടും വൈകാതെ പട്ടയ വിതരണത്തിനുള്ള നടപടിയും വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫോറസ്റ്റ് സ്റ്റേഷന്‍ മുതല്‍ ഒളകര ഊരിലേക്കുള്ള റോഡ് പുനര്‍നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഇതു സംബന്ധിച്ച് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വഴി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാന്‍ ഒപ്പം ഉണ്ടായിരുന്ന വാര്‍ഡ് മെമ്പര്‍ സുബൈദ അബൂബക്കറിനോട് മന്ത്രി നിര്‍ദ്ദേശിച്ചു. പ്രദേശത്തെ ജനങ്ങളുടെ വിവിധ വിഷയങ്ങള്‍ ഊരുമൂപ്പത്തി മാധവി മന്ത്രിയെ ധരിപ്പിച്ചു. മുന്‍ പഞ്ചായത്ത് അംഗം അബൂബക്കര്‍, ട്രൈബല്‍ പ്രമോട്ടര്‍ രതീഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *