തിരുവനന്തപുരം: മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ 2024 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും 2024 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2021, 2022 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും നാളെ (ഫെബ്രുവരി 5) മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വൈകിട്ട് 6ന് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമർപ്പണം.
മുതിർന്ന മാധ്യമ പ്രവർത്തകനും ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവുമായ മലയിൻകീഴ് ഗോപാലകൃഷ്ണനാണ് 2024 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് അർഹനായത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ 25,000 രൂപയും ഫലകവും അടങ്ങുന്നതാണ്. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് 15,000 രൂപയും ഫലകവും നൽകും.
2021, 2022 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾക്കായി യഥാക്രമം 50,000, 30,000, 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും സമ്മാനിക്കും. പ്രോത്സാഹന സമ്മാന ജേതാക്കൾക്ക് 2,500 രൂപയും സർട്ടിഫിക്കറ്റും നൽകും.
പുരസ്‌കാര സമർപ്പണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ, മേയർ വി. വി. രാജേഷ്, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു, കെ. യു. ഡബ്ല്യു. ജെ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി. നായർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി. വി. സുഭാഷ്, അഡീഷണൽ ഡയറക്ടർമാരായ കെ. ജി. സന്തോഷ്, വി. പി. പ്രമോദ് കുമാർ (ഇഎംഡി) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.





