തിരുവനന്തപുരം: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിൽ നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻനിർത്തി ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരത്തെ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് സമ്മേളനം. ഫെബ്രുവരി 23ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മന്ത്രിമാർ, ജനപ്രതിനിധികൾ, പരിസ്ഥിതി മേഖലയിലെ ദേശീയ തല വിദഗ്ധർ, ഗവേഷകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, മാധ്യമ പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ, സർക്കാർ വകുപ്പ് മേധാവികൾ തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തമാണ് സമ്മേളനത്തെ സവിശേഷമാക്കുന്നത്.
ശുചിത്വം, മാലിന്യസംസ്‌കരണം, ജലസുരക്ഷ, കൃഷി, പരിസ്ഥിതി പുനസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം, ഊർജ്ജം, ഗതാഗതം, കാലാവസ്ഥാ വ്യതിയാനം, പച്ചത്തുരുത്തുകൾ, മനുഷ്യ-വന്യമൃഗ സംഘർഷം, പ്രകൃതി പുനസ്ഥാപനവും മാധ്യമങ്ങളും എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. രണ്ട് സമാന്തര വേദികളിലായി നടക്കുന്ന 18 സെഷനുകളിൽ 73 പ്രബന്ധാവതരണങ്ങൾ, പാനൽചർച്ചകൾ, വിദഗ്ധരുടെ പ്രതികരണങ്ങൾ എന്നിവ നടക്കും.
ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങളുടെ അവതരണങ്ങളും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമവും സമ്മേളനത്തിന്റെ ഭാഗമാകും. ഫെബ്രുവരി 23 മുതൽ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ ആസ്പദമാക്കി അറുപതിലധികം സ്റ്റാളുകളിലായി വിപുലമായ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
സമ്മേളനത്തിൽ ഉയരുന്ന ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശുപാർശകൾ സർക്കാരിന് സമർപ്പിക്കുമെന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി. എൻ. സീമ അറിയിച്ചു.





