ആധുനിക മേഖലയ്ക്ക് ഉതകുന്ന രീതിയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലാനുസൃതമായ പരിഷ്കരണം കൊണ്ടുവരുന്നതില്‍ അധ്യാപകര്‍ക്കും വലിയ പങ്കുണ്ടെന്നും മാറുന്ന കാലത്തിനനുസരിച്ച് പുതിയ അറിവ് സ്വായത്തമാക്കാന്‍ അധ്യാപകര്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാനവും മൂന്ന് സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് കുട്ടികളുടെ സംശയങ്ങളും ആശയങ്ങളും മാറുന്നു. ഇത് ദൂരീകരിക്കേണ്ട ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ടാകണം. അക്കാദമിക മികവ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള മിഷനുകളുടെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനം മെച്ചപ്പെട്ടതിനോടൊപ്പം അക്കാദമിക മികവിലും മുന്നിലേക്ക് വന്നു. വിദ്യാര്‍ത്ഥികള്‍ നൂതന സാങ്കേതിക വിദ്യയില്‍ നൈപുണ്യമുള്ളവരായി വരികയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം കൈവരിക്കണം. കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ പത്ത് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി. 45,000 ത്തോളം ഹൈടെക് ക്ലാസ്മുറികള് ഉണ്ടായി.
സ്കൂളുകളില്‍ റോബോട്ടിക് കിറ്റ് ഉള്‍പ്പടെ ലഭ്യമാക്കി. പ്രൈമറി തലത്തില്‍ അടിസ്ഥാന ശേഷി വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കി വരികയാണ്. ഇത് ഹയര്‍സെക്കന്‍ഡറി തലം വരെ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മാറ്റം ഉണ്ടാകുന്നു. കുട്ടികളെ ചരിത്രബോധവും ശാസ്ത്രചിന്തയുമുള്ളവരാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന തലത്തില്‍ 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂളുകളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വഹിച്ചു.
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിദ്യാഭ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് വി. ശിവന്‍കുട്ടി. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്കുന്നു. സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് പ്രാപ്തമാക്കുകയാണ്. കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ 5000 കോടി നിക്ഷേപമാണ് വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയത്. ചരിത്രത്തില്‍ തന്നെ ഇതാദ്യമാണെന്നും മന്ത്രി പറഞ്ഞു. വരും വര്‍ഷവും അക്കാദമിക വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് പാഠപുസ്തകവും യൂണിഫോമും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും. പൊതുപരീക്ഷകള്‍ കൃത്യമായി നടത്തുമെന്നും യോഗ്യരായ എല്ലാവര്ക്കും സീറ്റ് ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.