തൃശ്ശൂർ: തൃശ്ശൂരിൽ സുരേഷ്ഗോപി തരംഗം പോളിംങ്ങ് ദിനത്തിൽ പ്രകടമായിരുന്നെന്നും വിജയം സുനിശ്ചിതമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. സത്രീകളും യുവാക്കളും വോട്ടെടുപ്പിൽ വലിയ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്.
ബിജെപി പ്രവർത്തകർ വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്താൻ പല സ്ഥലത്തും കോൺഗ്രസ്സ് – സിപിഐ ബൂത്ത് ഏജൻ്റുമാരും പ്രിസൈഡിംങ്ങ് ഓഫീസറും ചേർന്ന് ശ്രമം നടത്തി. ബിജെപി ശക്തികേന്ദ്രങ്ങളിൽ പോളിംങ്ങ് മന്ദഗതിയിലാക്കാനും ശ്രമമുണ്ടായിട്ടുണ്ട്. പൂങ്കുന്നം ഹരിശ്രീ സ്കൂളിൽ സത്രീകൾ ഉൾപ്പെടെയുള്ളവരെ 5 മണിക്കൂറോളം വോട്ട് ചെയ്യാൻ അനുവദിക്കാതെ തടഞ്ഞ് നിർത്തിയത് ഹീനമായ നടപടിയാണ്. തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടതും വലതും മത്സരിച്ച് ബിജെപിയ്ക്കെതിരെ കുപ്രചരണം അഴിച്ച് വിട്ട തെരെഞ്ഞെടുപ്പായിരുന്നു ഇത്. പക്ഷെ ഇതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. ന്യൂനപക്ഷ കേന്ദ്രങ്ങളിൽ നിന്നും വലിയ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇടത്-വലത് കേന്ദ്രങ്ങളിലെ പരാജയഭീതിയിൽ നിന്നുണ്ടായ നിരാശ പോളിംങ്ങ് ദിനത്തിൽ വ്യക്തമായിരുന്നു. ജാതി-മത-രാഷ്ടീയ ചിന്തകൾക്കപ്പുറം വലിയ പിന്തുണ എല്ലാ ജനവിഭാഗങ്ങളിൽ നിന്നും ബിജെപിയ്ക്ക് ലഭിച്ചിട്ടുണ്ട്. വലിയ വിജയത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും അനീഷ്കുമാർ പറഞ്ഞു.