Kerala

ഇടത്- വലത് മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം കേരളത്തെ ഭിന്നിപ്പിച്ചു: കെ.സുരേന്ദ്രൻ

തിരുവന്തപുരം: ഇടത്- വലത് മുന്നണികൾ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വർഗീയ പ്രചരണം കേരളത്തെ ഭിന്നിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വടകരയിൽ ഇപ്പോൾ സംഭവിക്കുന്നത് ഈ വിഭജന രാഷ്ട്രീയത്തിൻ്റെ അനന്തരഫലമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിഎഎയുടെ പേരിൽ മുഖ്യമന്ത്രിയാണ് വർഗീയ പ്രചരണത്തിന് നേതൃത്വം നൽകിയത്. വിഡി സതീശൻ അത് ഏറ്റെടുത്തു. മലബാറിൽ സ്ഥാനാർത്ഥികൾ വോട്ടർമാരെ കാണുന്നതിന് പകരം അർദ്ധരാത്രി ജനങ്ങളെ ഭയപ്പെടുത്തുന്ന നൈറ്റ്മാർച്ചുകൾ നടത്തി. ഒരു സമുദായത്തിൻ്റെ വോട്ട് ലക്ഷ്യം വെച്ച് നടത്തിയ നീചമായ പ്രചാരണം സമൂഹത്തിൽ വലിയ അസ്വസ്ഥതയാണുണ്ടാക്കിയത്. വിതച്ചത് എൽഡിഎഫും യുഡിഎഫും ആണെങ്കിൽ കൊയ്യുന്നത് മതതീവ്രവാദികളായിരിക്കുമെന്ന് ഉറപ്പാണ്. വടകരയിലും കോഴിക്കോടുമെല്ലാം രണ്ട് മുന്നണികളും പച്ചയ്ക്ക് മതം പറഞ്ഞാണ് വോട്ട് പിടിച്ചത്. കോൺഗ്രസും സിപിഎമ്മും വടകരയേയും കോഴിക്കോടിനെയും വർഗീയതയുടെ പരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *