ന്യൂഡൽഹി: ലോക ആർത്തവവിരാമ ദിനത്തോടനുബന്ധിച്ച് (ഒക്ടോബർ 18) സ്ത്രീകളുടെ ആരോഗ്യസംരക്ഷണം, പ്രതിരോധ പരിചരണം, ആർത്തവവിരാമത്തെക്കുറിച്ചുള്ള അവബോധം എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി കേന്ദ്ര ആയുഷ് മന്ത്രാലയം.
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സിസിആർഎഎസ്) മുഖേന ആർത്തവവിരാമം സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിലും ജീവിതനിലവാരത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം വളർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
സാധാരണയായി 45നും 55നും ഇടയിലാണ് ആർത്തവവിരാമം സംഭവിക്കുന്നത്. ക്രമരഹിതമായ ആർത്തവം, അമിതമായ ചൂട് അനുഭവപ്പെടൽ, ഉറക്കപ്രശ്നങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സന്ധിവേദന, ഉത്കണ്ഠ തുടങ്ങിയവ ഈ ഘട്ടത്തിൽ അനുഭവപ്പെടാം.
ആരോഗ്യകരമായ ജീവിതശൈലി, പ്രതിരോധ പരിചരണം, വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള ചികിത്സ എന്നിവയുടെ പ്രാധാന്യം ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച ചൂണ്ടിക്കാട്ടി. ആർത്തവവിരാമവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളിൽ പരമ്പരാഗത ആയുർവേദ ഔഷധങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി ഗവേഷണം നടത്തിവരുന്നതായി സിസിആർഎഎസ് ഡയറക്ടർ ജനറൽ പ്രൊഫ. രബിനാരായൺ ആചാര്യ പറഞ്ഞു. ഭക്ഷണക്രമം, യോഗ, ധ്യാനം, മാനസിക പിന്തുണ എന്നിവയുടെ പ്രാധാന്യം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എൻ. ശ്രീകാന്തും എടുത്തുപറഞ്ഞു.
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, യോഗ, പരമ്പരാഗത ചികിത്സാരീതികൾ എന്നിവ ആർത്തവവിരാമ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ആയുർവേദ സമീപനത്തിന്റെ ഭാഗമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ചികിത്സാരീതികളുടെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്താൻ ശാസ്ത്രീയ ഗവേഷണം ആവശ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആർത്തവവിരാമത്തെക്കുറിച്ച് തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്നും സമയബന്ധിതമായി ഉചിതമായ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.





