Health India Medical News Politics

ഡൽഹിയിലെ വായുമലിനീകരണം തടയാൻ സ്റ്റാർട്ടപ്പുകളുടെ സഹായം തേടി കേന്ദ്രം

ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന് സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ തേടി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് സ്റ്റാർട്ടപ്പുകളുമായും സാങ്കേതികവിദ്യാ സ്ഥാപനങ്ങളുമായും ചർച്ച നടത്തി.

‘സാഫ് ഹവാ മേം ഹിസ്സേദാരി, ഹം സബി കി ഹേ സിമ്മേദാരി’ എന്ന പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ വായുമലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഒമ്പത് പ്രധാന മേഖലകളിൽ പ്രായോഗികവും ചെലവുകുറഞ്ഞതുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കേന്ദ്രം.

മലിനീകരണത്തിന്റെ ഉറവിടങ്ങളിൽത്തന്നെ നിയന്ത്രണം ഉറപ്പാക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നടപ്പാക്കൽ, ശുദ്ധമായ ഇന്ധനങ്ങളുടെ പ്രോത്സാഹനം, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം, വായുനിലവാര നിരീക്ഷണം ശക്തിപ്പെടുത്തൽ തുടങ്ങിയ നിലവിലെ നടപടികൾക്ക് ഇത്തരം ഇടപെടലുകൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിങ്, ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ, കേന്ദ്ര-ഡൽഹി സർക്കാർ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *