Kerala Law

ഭാര്യാമാതാവിനെ വെട്ടികൊലപ്പെടുത്തിയ മരുമകന് ജീവപര്യന്തം കഠിനതടവും ½ ലക്ഷം രൂപ പിഴയും

    ചൊവ്വൂര്‍ പാലയ്ക്കല്‍ ദേശത്ത് തോട്ടുംകര പുത്തന്‍വീട്ടില്‍ വിശ്വനാഥപിളള മകന്‍ പ്രദീപ് കുമാര്‍ എന്ന മണികണ്ഠന്‍ (46വയസ്) എന്നയാളെയാണ് തൃശ്ശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വി. രജനീഷ് ശിക്ഷിച്ചത്. 

2012 നവംബര്‍ മാസം 6-ാം തീയതി പകല്‍‍ 1.45 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.  സംഭവദിവസം പ്രതി പകല്‍ 1.45 മണിയോടുകൂടി ഭാര്യ വീട്ടില്‍ ചെന്ന് ഭാര്യാമാതാവിനോട് റേഷന്‍ കാര്‍ഡ് ചോദിച്ചത് കൊടുക്കാത്തതിലുളള വൈരാഗ്യം വെച്ച് ഭാര്യാ മാതാവായ ചെമ്പംകണ്ടം ദേശത്ത് പരേതനായ വാസു ഭാര്യ  52 വയസുളള ശാന്ത എന്നവരെ വെട്ടുകത്തി ഉപയോഗിച്ച് തുടര്‍ച്ചയായി വെട്ടി കൊലപ്പെടുത്തുകയാണുണ്ടായത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ശാന്തയുടെ ഇളയ മകള്‍ ബിന്ദുവിന്റെ ദൃക്സാക്ഷി മൊഴിയുടേയും  പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹാജരാക്കിയ ശക്തമായ തെളിവുകളും സാക്ഷി മൊഴികളുടേയും വിരലടയാള വിദഗ്ദരുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന്  തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. അതി ക്രൂരമായി സ്വന്തം ഭാര്യാമാതാവിനെ കാലപ്പെടുത്തിയ പ്രതി യാതൊരു ദയയും                 അര്‍ഹിക്കുന്നില്ല എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ് പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും കൂടാതെ വീട്ടില്‍ അതിക്രമിച്ച് കടന്നതിന് 4 കൊല്ലം കഠിന തടവും 50,000/- രൂപ പിഴയും കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. ഒല്ലൂര്‍ സി.ഐ. ആയിരുന്ന എന്‍.കെ. സുരേന്ദ്രന്‍ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍  സോളി ജോസഫ്, അഡ്വ.ഹണി ചരുവില്‍ എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *