Kerala

സുരേന്ദ്രൻ നായർ മാനവിക പക്ഷത്ത് ഉറച്ചുനിന്ന കലാകാരൻ: മന്ത്രി സജി ചെറിയാൻ

* രാജാരവിവർമ്മ പുരസ്‌കാരം സമർപ്പിച്ചു

മാനവിക പക്ഷത്ത് ഉറച്ചു നിന്ന് രാഷ്ട്രീയം പറയാൻ കലയെ ഉപയോഗപ്പെടുത്തിയ കലാകാരനാണ് സുരേന്ദ്രൻ നായരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ദൃശ്യകലാരംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്‌കാരം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ സുരേന്ദ്രൻ നായർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ മാറ്റത്തിലും വളർച്ചയിലും കലാകാരന്മാർ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സമൂഹവുമായും മനുഷ്യനുമായും സംവദിക്കുന്ന സർഗാത്മകമായ ആവിഷ്‌കാരമാണ് കല. കലാകാരന് അരാഷ്ട്രീയമായി നിലകൊള്ളാനാവില്ല. മനുഷ്യപക്ഷ രാഷ്ട്രീയം കലയിലൂടെ രൂപപ്പെടുത്താൻ കലാകാരന്മാർ ശ്രമിക്കണം. പക്ഷേ ഇന്ന് പല കലാകാരന്മാരും ഇമേജിനും സമ്പത്തിനുമാണ് സാമൂഹിക പ്രശ്നങ്ങളേക്കാൾ പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

പരിവർത്തനശക്തിയുള്ളതാണ് സുരേന്ദ്രൻനായരുടെ ചിത്രകലയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ഇഴകൾ ചേർത്ത് വെച്ച് ചരിത്രബോധവും സമകാലിക പ്രസക്തിയും ഒരുപോലെ പ്രദർശിപ്പിക്കുന്ന സൃഷ്ടികൾ ഒരുക്കാൻ അദ്ദേഹത്തിനുള്ള കഴിവ് കലാകാരന്മാർക്കും കലാപ്രേമികൾക്കും ഭാവിതലമുറക്കും പ്രചോദനമേകുന്നതാണെന്നും മന്ത്രി പറഞ്ഞു. രാജാരവിവർമ്മ പുരസ്‌കാര സമർപ്പണ പരിപാടി വിപുലമായ ജനകീയ പരിപാടിയാക്കി മാറ്റാൻ ലളിതകലാ അക്കാദമി ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

മൂന്നുലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങിയതാണ് രാജാരവിവർമ്മ പുരസ്‌കാരം.

ചടങ്ങിൽ വി.കെ. പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ചു. കേരള ലളിതകലാഅക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് പ്രശസ്തിപത്രം വായിച്ചു. കലാചരിത്രകാരനും സാംസ്‌കാരിക വിമർശകനും ക്യൂറേറ്ററും എഴുത്തുകാരനുമായ ജോണി എം.എൽ. മുഖ്യപ്രഭാഷണം നടത്തി.

കേരള ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, വൈലോപ്പിള്ളി സംസ്‌കൃതിഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്, സമം പദ്ധതി ചെയർപേഴ്‌സൺ സുജ സൂസൻ ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു. സുരേന്ദ്രൻ നായർ മറുപടി പ്രസംഗം നടത്തി. സാംസ്‌ക്കാരിക കാര്യ വകുപ്പ് ഡയറക്ടർ മായ സ്വാഗതവും അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *