Kerala

ശരിയുടെ പക്ഷത്ത് നിന്ന് സത്യം പറയാൻ ആർജവമുള്ള എഴുത്തുകാരനാണ് ഡോ.എസ് കെ വസന്തൻ : മുഖ്യമന്ത്രി

തിരുവനന്തപുരം: നിരന്തരവും അക്ഷീണവുമായ സാഹിത്യ പ്രവർത്തനത്തിലൂടെ മുഖം നോക്കാതെ ശരിയുടെ പക്ഷം പറയാൻ തയ്യാറായ എഴുത്തുകാരനാണ് ഡോ.എസ് കെ വസന്തനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ് കെ വസന്തന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷക്ക് ഭാവുകത്വപരവും ഭാഷാപരവുമായ ഉള്ളടക്കം നൽകി പുതുവഴി തീർത്ത ആചാര്യനാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹത്തിന്റെ പേരിലാണ് സംസ്ഥാന സർക്കാരിന്റെ  പരമോന്നത സാഹിത്യ പുരസ്‌കാരം നൽകി വരുന്നത്. പോയ വർഷത്തെ അവാർഡ് ജേതാവായ ഡോ. എസ് കെ വസന്തൻ ഉപന്യാസം, നോവൽ,നിരൂപണം, ഓർമക്കുറിപ്പുകൾ, ജീവചരിത്രം, ലേഖനങ്ങൾ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത തലങ്ങളിൽ കയ്യൊപ്പ് ചാർത്തിയ പ്രതിഭയാണ്. സൂക്ഷ്മ നിരീക്ഷണ പാടവവും ജാഗ്രതയും ഉന്മേഷ ഭരിതമായ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. സാഹിത്യ സാംസ്‌കാരിക സംഘടനാ പ്രവർത്തനം പുരോഗമനോൻമുഖമായ എഴുത്തിന് കാരണമായെന്ന് അനുമാനിക്കാം.

കേരള സംസ്‌കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മികച്ച അധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകൾ കൂടി പരിഗണിച്ചാണ് എഴുത്തച്ഛൻ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

 വൈഞ്ജാനിക സംഭാവനകൾക്കൊപ്പം സർഗാത്മക സാഹിത്യത്തിലും വിരാജിക്കുന്ന ഡോ. വസന്തന്റെ സർഗാത്മക ലോകം ഒറ്റക്കള്ളിയിലൊതുക്കാനാകില്ല. കേരള ചരിത്ര നിഘണ്ടുവിനെ  വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്‌കാരചരിത്രനിഘണ്ടു വസന്തൻമാഷ് കേരളത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. ചരിത്രവും സംസ്‌കാരവും രണ്ടു പഠനപദ്ധതികളെന്ന നിലയിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളെ അക്കാദമികമായി അടയാളപ്പെടുത്താൻ ഈ കൃതിയിലൂടെ സാധിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും കനപ്പെട്ട റഫറൻസ് ഗ്രന്ഥങ്ങളിൽ ഒന്നുകൂടിയാണ് കേരള സംസ്‌കാരചരിത്രനിഘണ്ടു. നമ്മൾ നടന്ന വഴികൾ, നിരൂപകന്റെ വായന, അരക്കില്ലം, ഉദ്യോഗപർവ്വം എന്നിങ്ങനെ കഥ, നോവൽ, നിരൂപണം തുടങ്ങിയ വൈവിദ്ധ്യമാർന്ന സാഹിത്യശാഖകളിലായി അറുപതിലധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാര നിറവിലുള്ള അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്കുള്ള അംഗീകാരമെന്ന നിലയിൽ ഏറെ സന്തോഷത്തോടെയാണ്  സംസ്ഥാന സർക്കാർ എഴുത്തച്ഛൻ പുരസ്‌കാരം സമ്മാനിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഭാഷാപഠനവും നവോത്ഥാന കാല അറിവുകളും പുതു തലമുറക്ക് പകർന്നു നൽകാൻ കഴിയണമെന്ന് എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ. എസ് കെ വസന്തൻ അഭിപ്രായപ്പെട്ടു പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷായെയും നമുക്ക് മുന്നിലൂടെ കടന്നു പോയ കാലവും പഠിക്കാൻ വിദ്യാർത്ഥികളും പഠിപ്പിക്കാൻ അധ്യാപകരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു. ഡോ.വി വേണു പ്രശസ്തി പത്രം വായിച്ചു. ഡോ. അനിൽ വള്ളത്തോൾ ആദരഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ ചടങ്ങിന് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *