ആന്ധ്രപ്രദേശിലെ രാഷ്ട്രീയം ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു എന്ന ആരോപണത്തിലാണ്. ഈ വിവാദം സംസ്ഥാനത്തെ വിശ്വാസികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
വൈ.എസ്.ആർ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ച നെയ്യിൽ പന്നിയുടെയും പശുവിന്റെയും കൊഴുപ്പിന്റെ സാന്നിധ്യം നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചിരിക്കുന്നു. ഈ വെളിപ്പെടുത്തൽ ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാരിന് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആദ്യമായി ഈ ആരോപണം ഉന്നയിച്ചപ്പോൾ വൈ.എസ്.ആർ. കോൺഗ്രസ് ഇത് രാഷ്ട്രീയ പ്രചാരണമായി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, ലാബ് പരിശോധന ഫലം പുറത്തുവന്നതോടെ അവർ പ്രതിരോധത്തിലായി.
സഹകരണ സ്ഥാപനമായ നന്ദിനിയെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ടിഡിപിയും ബിജെപിയും ആരോപിക്കുന്നുണ്ട്. മഹാപ്രസാദമായി കരുതുന്ന ലഡ്ഡുവിൽ മൃഗ കൊഴുപ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ലക്ഷക്കണക്കിന് വരുന്ന തിരുപ്പതി തിരുമല വിശ്വാസികള്‍ വൈ.എസ്. ആർ. കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്.