എറണാകുളം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ജൈവ നെൽകൃഷിയിൽ നൂറുമേനി വിളവ്. പഞ്ചായത്തിലെ കോട്ടേപ്പാടത്താണ് ജൈവ നെൽകൃഷിയിലൂടെ മികച്ച വിളവ് സാധ്യമായത്. സമഗ്ര നെൽകൃഷി പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെയായിരുന്നു കൃഷി.
കൃഷിയ്ക്കായി രണ്ട് ലക്ഷത്തിൽ പരം രൂപയുടെ സഹായവും കൃഷിവകുപ്പും പഞ്ചായത്തും ലഭ്യമാക്കി. കൃഷിയുടെ തുടക്കത്തിൽ വെള്ളം കയറിയത് മൂലം നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും മികച്ച പരിപാലനത്തിലൂടെ അതിനെ മറികടക്കുകയായിരുന്നു കർഷകർ.
വിളവെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കൊയ്ത്തുത്സവം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ തരിശു പാടങ്ങളും കൃഷിയിടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. അതിനായി വരും വർഷങ്ങളിലും കൂടുതൽ പദ്ധതികൾ കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കും. പരമാവധി പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും ജൈവകൃഷിക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.