പന്ത്രണ്ടാമത് സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. മേളയുടെ സുഖമമായ നടത്തിപ്പിന് ആവശ്യമായ മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ വിലയിരുത്തി. മേള നടക്കുന്ന ദിവസങ്ങളിൽ ദേശീയപാതയിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പോലീസ്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, നഗരസഭ അധികൃതർ തുടങ്ങിയവരോട് സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു.
വൈദ്യുതി, ഫയർഫോഴ്സ്, മെഡിക്കൽ ടീം തുടങ്ങി സജ്ജീകരണങ്ങൾ ഒരുക്കാനും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ, എഡിഎം എൻ എം മെഹറലി, സർഗാലയ സീനിയർ ജനറൽ മാനേജർ ടി കെ രാജേഷ്, പോലീസ്, കെഎസ്ഇബി, ആരോഗ്യം, റെയിൽവേ, മോട്ടോർ വാഹനം തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഡിസംബർ 20 മുതൽ 2025 ജനുവരി ആറ് വരെയാണ് മേള. 15-ൽ അധികം രാജ്യങ്ങളിൽ നിന്നും 24 സംസ്ഥാനങ്ങളിൽ നിന്നുമായി 300-ൽ അധികം കരകൗശല കലാകാരരാണ് മേളയിൽ പങ്കെടുക്കുക. 200ലധികം ക്രാഫ്റ്റ് ഹബ്ബുകളും 20-ൽ അധികം രുചി വൈവിധ്യശാലകളും മേളയുടെ ഭാഗമാകും. പ്രത്യേകം തയ്യാറാക്കിയ ക്രാഫ്റ്റ് തീം വില്ലേജുകൾ, തെയ്യം, ഹാൻഡ്‌ലൂം, ടെറാകോട്ട, സ്‌പൈസസ്, വുഡ് കാർവിങ്, മുള, കളരി, അറബിക്ക് കാലിഗ്രഫി എന്നിവയുടെ സർഗാത്മക പ്രദർശനവും ഒരുക്കും.