Kerala News

ഐ എഫ് എഫ് കെ – ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി: സജി ചെറിയാൻ

ലോകരാഷ്ട്രങ്ങളിലെ മനുഷ്യാവസ്ഥകളും ജനങ്ങൾ കടന്നുപോവുന്ന സങ്കീർണമായ ജീവിത സാഹചര്യങ്ങളും അടുത്തറിയാനും അവരുമായി മാനസികമായി ഐക്യപ്പെടാനുമുള്ള വേദിയായി ഐ എഫ് എഫ് കെ മാറിയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 29-ാംമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഐ എഫ് എഫ് കെ യുടെ 29-ാംമത് പതിപ്പിന്  ഇന്നിവിടെ തിരശ്ശീല വീഴുകയാണ്. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി ലോകം ഈ തലസ്ഥാന നഗരിയിൽ ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. ഇത്തവണ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. എട്ടു ദിവസങ്ങളിലായി ആകെ 427 പ്രദർശനങ്ങൾ നടത്തി. ഉദ്ഘാടന, സമാപന ദിവസങ്ങൾ ഒഴികെയുള്ള, റിസർവേഷൻ ഏർപ്പെടുത്തിയ ദിനങ്ങളിൽ  85,227 ബുക്കിംഗുകൾ നടന്നു. കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി മേളയിലത്തെിച്ചത്. മുൻനിര ചലച്ചിത്രമേളകളിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്സ്, പെദ്രോ അൽമോദോവർ, വാൾട്ടർ സാലസ്, മിഗ്വൽ ഗോമസ്, മുഹമ്മദ് റസൂലാഫ് തുടങ്ങിയ സമകാലിക ലോകചലച്ചിത്രാചാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ, ക്ളാസിക്കുകളുടെ റെസ്റ്റോറേഷൻ ചെയ്ത് പുതുക്കിയ പതിപ്പുകൾ, കൺട്രി ഫോക്കസ് വിഭാഗത്തിലെ അർമീനിയൻ ചിത്രങ്ങൾ, ദക്ഷിണ കൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, ‘ദ ഫിമേൽ ഗേയ്സ്’, ലാറ്റിനമേരിക്കൻ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, അനിമേഷൻ ചിത്രങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പാക്കേജുകൾക്കു പുറമെ അന്താരാഷ്ട്ര മൽസരവിഭാഗവും ലോകസിനിമ ഇന്ത്യൻ സിനിമ, മലയാള സിനിമാ വിഭാഗങ്ങളും മികച്ച ദൃശ്യാനുഭവങ്ങൾ പകർന്നു നൽകിയെന്ന് ഡെലിഗേറ്റുകളുടെ പ്രതികരണങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞു.

പ്രേക്ഷകപങ്കാളിത്തംകൊണ്ടും പ്രദർശിപ്പിച്ച സിനിമകളുടെ മികവു കൊണ്ടും എല്ലാം തികഞ്ഞ മേളയായിരുന്നു ഇത്. 15 തിയേറ്ററുകളിലായി നടന്ന മേളയിൽ 13,000ത്തോളം ഡെലിഗേറ്റുകൾ പങ്കെടുത്തു. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, അനുബന്ധപരിപാടികളിലെ അതിഥികൾ, ഒഫീഷ്യൽസ്, സ്പോൺസർമാർ എന്നിവരുൾപ്പെടെ 15,000 ത്തിൽപ്പരം പേരുടെ സജീവമായ പങ്കാളിത്തം മേളയിൽ ഉണ്ടായി.  വിദേശത്തുനിന്നുള്ളവർ ഉൾപ്പെടെ 238 ചലച്ചിത്രപ്രവർത്തകർ അതിഥികളായി പങ്കെടുത്തു. ഇങ്ങനെ എല്ലാ അർത്ഥത്തിലും 29-ാംമത് രാജ്യാന്തര ചലച്ചിത്രമേള വൻ വിജയമായി എന്നറിയുന്നതിൽ സന്തോഷം.

മേളയുടെ ഭാഗമായി ഇൻ കോൺവെർസേഷൻ, ഓപൺ ഫോറം, മീറ്റ് ദ ഡയറക്ടർ, എക്സിബിഷൻ, ഹോമേജ്, അരവിന്ദൻ സ്മാരക പ്രഭാഷണം, കേരള ഫിലിം മാർക്കറ്റ്, പാനൽ ഡിസ്‌കഷൻ തുടങ്ങിയ അനുബന്ധപരിപാടികൾ കൂടി സംഘടിപ്പിച്ചിരുന്നു. മാനവീയം വീഥിയിൽ ആറു ദിവസങ്ങളിൽ സംഗീത പരിപാടികൾ സംഘടിപ്പിച്ചു. മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് ചടങ്ങിൽ ഈയിടെ വിട്ടുപിരിഞ്ഞ കുമാർ ഷഹാനി, മോഹൻ, ഹരികുമാർ, കവിയൂർ പൊന്നമ്മ, ചെലവൂർ വേണു, നെയ്യാറ്റിൻകര കോമളം തുടങ്ങിയവർക്ക് മേള ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഈ ചലച്ചിത്രപ്രതിഭകളുടെ സംഭാവനകൾ അടയാളപ്പെടുത്തിക്കൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.

മേളയുടെ ഭാഗമായി, അനശ്വര ചലച്ചിത്രപ്രതിഭകളായ ജെ.സി.ഡാനിയേൽ, പി.കെ.റോസി, സത്യൻ, പ്രേംനസീർ, നെയ്യാറ്റിൻകര കോമളം എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ അനശ്വരപ്രതിഭകളുടെ സ്മരണകളുറങ്ങുന്ന മെറിലാന്റ് സ്റ്റുഡിയോയിലും ആദരമർപ്പിച്ച് ഒരു സ്മൃതിദീപപ്രയാണംനടത്തുകയുണ്ടായി.  ഡിസംബർ 12ന് രാവിലെ നെയ്യാറ്റിൻകരയിൽ നിന്ന് ആരംഭിച്ച് വൈകീട്ട് ഏഴുമണിക്ക് മാനവീയം വീഥിയിലാണ് പ്രയാണം അവസാനിച്ചത്.

മലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ  തുടക്കംവരെ  തിരശ്ശീലയിൽ  തിളങ്ങിയ 21 മുതിർന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ എന്ന ചടങ്ങും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കെ.ആർ. വിജയ, ടി.ആർ. ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ ചൗധരി, കനകദുർഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ,  മേനക, അനുപമ മോഹൻ, ശാന്തകുമാരി , മല്ലിക സുകുമാരൻ, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ എന്നീ 21 പേരെയാണ് ആദരിച്ചത്. ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകിയ പ്രാമുഖ്യത്തിന്റെ അടയാളം കൂടിയായിരുന്നു ഇത്.

ലോകചലച്ചിത്രാചാര്യർക്ക് ആദരവർപ്പിച്ച ‘സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്’ എന്ന എക്സിബിഷൻ വളരെ ശ്രദ്ധേയമായി. സംവിധായകൻ ടി.കെ രാജീവ് കുമാർ ക്യുറേറ്റ് ചെയ്ത പ്രദർശനത്തിൽ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിംഗുകൾ ഉണ്ടായിരുന്നു. 50 ചലച്ചിത്രപ്രതിഭകൾ അണിനിരന്ന ഈ പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നായി.

29ാമത് ഐ.എഫ്.എഫ്.കെ വൻവിജയമാക്കിയ എല്ലാ പ്രതിനിധികൾക്കും ചലച്ചിത്രപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും സാംസ്‌കാരിക വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *