ബലോത്ര: രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം ₹1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചു. ഇതിനു പുറമെ പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്..
വ്യോമയാനം, ഊർജം, ഗതാഗത-കണക്റ്റിവിറ്റി മേഖലകളിലായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കൂടാതെ രാജസ്ഥാൻ റിഫൈനറി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു അദ്ദേഹം. ഇതിനുശേഷം ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനവും അദ്ദേഹം നടത്തി. രാജസ്ഥാനിലെ ജയ്പുർ മെട്രോ വിപുലീകരണവും ഷേഖാവതി മേഖലയിലേക്കുള്ള കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.
പുതിയ പദ്ധതികളിലൂടെ സംസ്ഥാനത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിനും വിനോദസഞ്ചാരം, വ്യാപാരം, തൊഴിലവസരങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള ഊർജ പ്രതിസന്ധിയെ നേരിടുന്നതിൽ ഇന്ത്യ സ്വീകരിച്ച സമയോചിതമായ തീരുമാനങ്ങളും നയതന്ത്ര ഇടപെടലുകളും രാജ്യത്തെ ഇന്ധനവിതരണം ഉറപ്പാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.





