Education Kerala News Sports

ജില്ലാ ഇൻക്ലൂസീവ് കായികമേളയ്ക്ക് തോപ്പ് സ്റ്റേഡിയത്തിൽ തുടക്കം

തൃശൂർ. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം തൃശൂർ, ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻക്ലൂസീവ് കായികോത്സവം 2026ന് തുടക്കം കുറിച്ചു. കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും ഭിന്നശേഷി കുട്ടികളുടെ കായികശേഷികൾ പരിപോഷിപ്പിക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്.

വിവിധ മത്സരങ്ങളിൽ, ജില്ലയിലെ 18 ബി ആർ സികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 500 ൽ അധികം കായികതാരങ്ങൾ മേളയിൽ മാറ്റുരയ്ക്കും. രണ്ടു ദിവസങ്ങളിലായി തൃശൂരിലെ വിവിധ ഗ്രൗണ്ടുകളിൽ നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ വച്ച് തൃശ്ശൂർ എം എൽ എ രാജൻ ജെ പല്ലൻ നിർവഹിച്ചു. സമഗ്ര ശിക്ഷാ കേരളം തൃശൂർ ഡിസ്ട്രിക്റ്റ് പ്രോജക്ട് കോർഡിനേറ്റർ സാലിഹ് പുളിയൻഞ്ഞാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം തൃശ്ശൂർ ഡി പി ഒ സജിത വി സ്വാഗതം ആശംസിച്ചു.

ജനറൽ കൺവീനർ അജീസ് എം ഇൽ നിന്നും തൃശൂർ ഡി പി സി ഏറ്റുവാങ്ങിയ ദീപശിഖ തൃശൂർ എം എൽ എ യ്ക്ക് നൽകുകയും ദീപശിഖാ പ്രയാണത്തിനായി കഴിഞ്ഞ വർഷം ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സംസ്ഥാന സ്കൂൾ കായികമേള ഗോൾഡ് മെഡലിസ്റ്റ് അമൃത് കെ എസ് ന് കൈമാറുകയും ചെയ്തു. തൃശ്ശൂർ ഡി ഇ ഒ അജിത് ജോൺ, വി എച്ച് എസ് ഇ.അസിസ്റ്റന്റ് ഡയറക്ടർ റഹീന കെ, തൃശ്ശൂർ ഹയർസെക്കൻഡറി അസിസ്റ്റന്റ് കോഡിനേറ്റർ മക്ബൂൽ മോനുട്ടി, എസ് എസ് കെ തൃശൂർ ഡി പി ഒ അന്ഫസ് വി എസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കായികാധ്യാപകരായ അനിൽകുമാർ സി എ, ടോമി സി ചിന്നൻ, അമൽദേവ്, സിനി വർഗീസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. എസ് എസ് കെ തൃശ്ശൂർ ഡി പി ഒ ബൈജു ആന്റണി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *