Education India Kerala News

ബിഎ തോറ്റ വിദ്യാർത്ഥി എംഎ പാസായി; കാലടി സംസ്കൃത സർവകലാശാലയിൽ പ്രവേശന ക്രമക്കേട്

കൊച്ചി: ബിരുദ പഠനം പൂർത്തിയാക്കാതെ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർത്ഥിനിയുടെ സംഭവം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിവാദമാകുന്നു. സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് സംഭവം.

2014-17 കാലയളവിൽ തുറവൂർ കേന്ദ്രത്തിൽ ബിഎ സംസ്കൃതം സാഹിത്യം പഠിച്ച വിദ്യാർത്ഥിനി പരീക്ഷയിൽ വിജയിച്ചിരുന്നില്ല. എന്നാൽ 2017-ൽ ഇതേ കേന്ദ്രത്തിൽ എംഎ കോഴ്‌സിന് പ്രവേശനം നേടുകയും 2019-ൽ പഠനം പൂർത്തിയാക്കി വിജയിക്കുകയും ചെയ്തു. തുടർന്ന് എംഎ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും സർവകലാശാലയിൽനിന്ന് കൈപ്പറ്റുകയും ചെയ്തു.

ബിരുദ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വിദ്യാർത്ഥിനി സർവകലാശാലയിലെത്തിയപ്പോഴാണ് ബിഎ പാസായിട്ടില്ലെന്ന വിവരം പരീക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ വർഷം സെപ്റ്റംബറിൽ ബിഎ അഞ്ചാം സെമസ്റ്ററിലെ വിഷയങ്ങളുടെ പുനർമൂല്യനിർണയത്തിനും വിദ്യാർത്ഥിനി അപേക്ഷ നൽകിയിട്ടുണ്ട്.

സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് സംഭവം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബിരുദം നേടാത്ത വിദ്യാർത്ഥിക്ക് എംഎ പ്രവേശനം അനുവദിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഓഡിറ്റ് വിഭാഗം സർവകലാശാലയോട് കർശനമായി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *