Culture India News

സാരിയുടുത്ത് ഗർബ കളിച്ച് പുരുഷന്മാർ; അഹമ്മദാബാദിൽ 200 വർഷം പഴക്കമുള്ള നവരാത്രി ആചാരം

അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങൾ ഗംഭീരമായി നടക്കുന്നതിനിടെ, അഹമ്മദാബാദിലെ ഷാപൂർ മേഖലയിൽ വേറിട്ട ആചാരവുമായി ബാരോട്ട് സമുദായം. ഞായറാഴ്ച നടന്ന ചടങ്ങിൽ സമുദായത്തിലെ പുരുഷന്മാർ സാരിയുടുത്ത് പരമ്പരാഗത നൃത്തമായ ഗർബ അവതരിപ്പിച്ചു. തങ്ങളുടെ സമുദായത്തിലെ സ്ത്രീരൂപമായ സദു മാതയോടുള്ള ആദരസൂചകമായാണ് ഈ ആചാരം നടത്തുന്നത്.

ത്യാഗം, പശ്ചാത്താപം, പ്രായശ്ചിത്തം എന്നിവയുമായി ബന്ധപ്പെട്ട ഏകദേശം 200 വർഷം പഴക്കമുള്ള കഥയാണ് ഈ പാരമ്പര്യത്തിന് പിന്നിലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

എല്ലാ വർഷവും നവരാത്രിയുടെ എട്ടാം രാത്രിയിൽ ഷാപൂരിലെ സദു മാതാ നി പോളിൽ നടക്കുന്ന ചടങ്ങിൽ ബാരോട്ട് സമുദായത്തിലെ കുറഞ്ഞത് 40 പുരുഷന്മാരും മറ്റ് വിശ്വാസികളും പങ്കെടുക്കും. വർണാഭമായ സാരികളും നെറ്റിയിൽ സിന്ദൂരപ്പൊട്ടും അണിഞ്ഞാണ് ഇവർ ഗർബ അവതരിപ്പിക്കുന്നത്.

ഗുജറാത്തിലുടനീളം നവരാത്രി ആഘോഷങ്ങൾ വാണിജ്യവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിലും തലമുറകളായി കൈമാറിവരുന്ന ഈ സവിശേഷ ആചാരം സമുദായം ഇന്നും നിലനിർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *