ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം ഉൾപ്പെടെ എല്ലാ മേഖലയിലും കേരളത്തിന് സമഗ്ര വളർച്ച കൈവരിക്കാനായെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തൃക്കാക്കര മണ്ഡലതല നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ രംഗത്തും ഒന്നാമതാണ്. ആരോഗ്യ മേഖല അതിൽ ശ്രദ്ധേയമാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളോട് കിടപിടിക്കാവുന്ന തരത്തിലാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ സേവനം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ സാധാരണക്കാരന് മികച്ച സേവനമാണ് നൽകുന്നത്.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവ ജനങ്ങൾ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയക്കുന്നുണ്ട്. അതുമൂലം കേരളത്തിൽ രൂപപ്പെടുന്ന മാനവശേഷിയുടെ ചോർച്ചതടയുന്നതിന് വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കണം. അതിനായി പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ച് സംസ്ഥാനത്തെ വിദ്യാർത്ഥി സൗഹ്യദമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വ്യവസായ നഗരമായ കൊച്ചിയെ ഇന്ത്യയിലെ ശ്രദ്ധേയമായ വ്യവസായ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ക്ഷേമ-വികസന പ്രവർത്തനങ്ങൾ ഒരുമിച്ച് സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് അതിനായി സ്വീകരിച്ചിട്ടുള്ളത്. വികസന പ്രവർത്തനങ്ങളിൽ നേരിടുന്ന പല വിധത്തിലുള്ള പ്രതിസന്ധികളെ മറികടന്നാണ് മന്ത്രിസഭ മുന്നോട്ട് പോകുന്നത്. പലരും നടപ്പിലാകില്ലെന്ന് പ്രഖ്യാപിച്ച ദേശീയ പാത വികസനം ഉൾപ്പെടെയയുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.