തിരുവനന്തപുരം: കേരളത്തിൽ അള്‍ട്രാവയലറ്റ് (UV) സൂചിക ഉയരുന്നതോടെ ചില പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ മൂന്നാറിൽ അള്‍ട്രാവയലറ്റ് സൂചിക 12 ആയി ഉയർന്നപ്പോൾ, പത്തനംതിട്ടയിലെ കോന്നിയിൽ 11 രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളിൽ അള്‍ട്രാവയലറ്റ് സൂചിക 8-10 രേഖപ്പെടുത്തി, ഇവിടെ ഓറഞ്ച് അലർട്ട് നിലനില്ക്കുന്നു. വളപ്പില്‍ശാല, ചെങ്ങന്നൂര്‍, കളമശ്ശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളിൽ 6-7 സൂചികയുണ്ട്. ധര്‍മ്മടം, കാസര്‍കോട് എന്നിവിടങ്ങളിലും അള്‍ട്രാവയലറ്റ് നിരക്ക് ഗുരുതരമായേക്കാം എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
10 AM-3 PM വരെ നേരിട്ട് സൂര്യപ്രകാശം പരമാവധി ഒഴിവാക്കണമെന്നും, അള്‍ട്രാവയലറ്റ് രശ്മികൾക്ക് ശരീരത്തില്‍ ഏല്‍ക്കുന്നത് ത്വക്ക് രോഗങ്ങളും നേത്ര പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.





