Kerala News

വിഴിഞ്ഞം തുറമുഖം: കേന്ദ്രത്തിന് വഴങ്ങി കേരളം, വിജിഎഫ് വായ്പയായി സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) വായ്പയായി സ്വീകരിക്കാനാണ് കേരള മന്ത്രിസഭാ തീരുമാനം. ഇതിലൂടെ 818 കോടി രൂപ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേന്ദ്രം അനുവദിക്കുന്ന വിജിഎഫ് തുക ലാഭവിഹിതമായി തിരികെ നൽകണമെന്ന വ്യവസ്ഥ കേരളം കടുത്ത പ്രതിഷേധത്തോടെ നേരത്തെ തള്ളിയിരുന്നു. കേരള സർക്കാർ ഈ തുക ഗ്രാന്റായി അനുവദിക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും, കേന്ദ്രം അത് നിരസിക്കുകയായിരുന്നു. കേരളം സ്വന്തമായി ഫണ്ട് കണ്ടെത്താനുള്ള സാധ്യതകളും പരിഗണിച്ചെങ്കിലും, വ്യാവസായിക വായ്പാ മാർഗങ്ങൾ പ്രായോഗികമല്ലെന്ന വിലയിരുത്തലിനെ തുടർന്ന്, കേന്ദ്ര വായ്പ സ്വീകരിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

വായ്പ എന്നതിനു പകരം ഗ്രാന്റായി തുക അനുവദിക്കണമെന്ന് തുടര്ന്നും കേരളം കേന്ദ്രത്തോടു ആവശ്യപ്പെടുമെന്ന് തുറമുഖ മന്ത്രി വി. എൻ. വാസവൻ വ്യക്തമാക്കി.

ഇതിനിടെ, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. വികസനത്തിന്റെ ഭാഗമായി, 1,200 മീറ്റർ നീളത്തിലുള്ള കണ്ടെയ്നർ ടെർമിനലും 900 മീറ്റർ നീളത്തിലുള്ള അധിക ബ്രേക്ക് വാട്ടറും നിർമ്മിക്കും.

10,000 കോടി രൂപ ചെലവഴിക്കുന്ന വികസന പ്രവൃത്തികൾ 2028ഓടെ പൂർത്തിയാകുമെന്ന് മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ ടേർമിനലായി മാറുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *