AMMA Kerala News Politics

“വാളകത്തെ വീട്ടിൽ മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടു; ഫോട്ടോ തെളിവുണ്ട്” — മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. വാളകത്തെ വീട്ടിൽ മന്ത്രിയെ വളരെ മോശം സാഹചര്യത്തിൽ കണ്ടതായും അതിന്റെ ഫോട്ടോ തെളിവുകൾ കയ്യിലുണ്ടെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ തനിക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് എല്ലാം തുറന്ന് പറയേണ്ടി വന്നതെന്ന് അവർ വ്യക്തമാക്കി. വാളകത്തെ വീട്ടിൽ എത്തിയപ്പോൾ മന്ത്രി ഒരു സ്ത്രീയോടൊപ്പം ഉണ്ടായിരുന്നുവെന്നും പറയാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നുവെന്നും ബിന്ദു മേനോൻ ആരോപിച്ചു. അന്ന് എടുത്ത ഫോട്ടോകൾ എല്ലാം തനിക്കു കൈവശമുണ്ടെന്നും അവർ പറഞ്ഞു.

പോലീസിന്റെ സഹായം തേടിയത് ബിജെപി കൗൺസിലറായ ശ്രീലേഖയുടെ നിർദേശപ്രകാരമാണെന്നും ബിന്ദു മേനോൻ പറഞ്ഞു. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞതായും ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചതായും അവർ ആരോപിച്ചു. വീടിന് പുറത്തേക്ക് പോകാൻ അനുവദിക്കാതെ വാതിൽ അടച്ചു.

പോലീസിനെ വിളിച്ചതിന് പിന്നാലെ അവിടെയുണ്ടായിരുന്ന സ്ത്രീയെ കാറിൽ കയറ്റി അയച്ചുവെന്നും തുടർന്ന് മന്ത്രി മുറിയിൽ കയറി വാതിൽ അടച്ചുവെന്നും ബിന്ദു മേനോൻ പറഞ്ഞു. എന്നാൽ സംഭവത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് അവർ ആരോപിച്ചു.

സംഭവത്തിന് പിന്നാലെ മന്ത്രിയുടെ സ്റ്റാഫ് ക്ഷമ ചോദിച്ചതായും ഒത്തുതീർപ്പിന് ശ്രമമുണ്ടായി. ഫോൺ പിടിക്കാൻ ശ്രമിച്ചത് സഹായിയായ ശാന്തനാണെന്നും വാതിൽ അടച്ചത് പ്രദീപാണെന്നും അവർ പറഞ്ഞു. സ്ത്രീയെ കാറിൽ കയറ്റി അയച്ചതും ശാന്തനാണ്.

വീട്ടിൽ നടന്ന സംഭവത്തിന് തനിക്ക് തെളിവുകളുണ്ടെന്നും മുഖ്യമന്ത്രിയുടെ മകളേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബിന്ദു മേനോൻ പറഞ്ഞു. എന്നാൽ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

വിവാഹബന്ധത്തിൽ വർഷങ്ങളായി പ്രശ്നങ്ങൾ നിലനിൽക്കുന്നതായും ബിന്ദു മേനോൻ പറഞ്ഞു. 2019-ൽ പ്രശ്നപരിഹാരത്തിനായി ശ്രീലേഖ ഇടപെട്ടിരുന്നുവെന്നും മന്ത്രിയായതിന് ശേഷം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ ആരോപിച്ചു. പല സ്ത്രീകളുടെ പേരിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നും തനിക്കു സംശയരോഗമുണ്ടെന്ന് ആരോപിച്ച് കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു.

അതേസമയം, നേരത്തെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായി മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. “അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്ന് പറയാം; വട്ടുള്ളവർ പൊലീസ് സഹായം തേടട്ടെ” എന്നായിരുന്നു മാധ്യമങ്ങളോട് മന്ത്രി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ഭാര്യ ബിന്ദു മേനോൻ തുറന്നടിച്ച് രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *