Kerala News Politics

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നാളെ


കേരള നിയമസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം നാളെ വൈകീട്ട് 6 മണിക്ക് അവസാനിക്കും. തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വതന്ത്രവും നീതിപൂര്‍ണവും സത്യസന്ധവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി വോട്ടെടുപ്പ് ദിവസത്തിന്റെ രണ്ട് ദിവസം മുമ്പാണ് പരസ്യ പ്രചാരണം അവസാനിപ്പിക്കേണ്ടത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126 പ്രകാരമാണ് ഇത്തരത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പായി പൊതുയോഗങ്ങളും മറ്റും സംഘടിപ്പിക്കാനോ അതില്‍ പങ്കു കൊള്ളാനോ പാടില്ലെന്ന നിയമം വന്നത്. വോട്ടര്‍മാരെ ഭയചകിതരാക്കാതെ അവര്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശത്തെ ഈ നിയമം പരിരക്ഷിക്കുന്നു. ജാഥകള്‍, ഘോഷയാത്രകള്‍, സംഗീതപരിപാടികള്‍, നാടകങ്ങള്‍ തുടങ്ങീ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന ഒരു പരിപാടിയും ഈ സമയത്തില്‍ ചെയ്യാന്‍ പാടില്ല.

ടെലിവിഷന്‍, സിനിമ തുടങ്ങിയവയിലൂടെയും തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയില്ല.
റേഡിയോ വഴിയുള്ള പ്രചാരണങ്ങള്‍ക്കും നിരോധനമുണ്ട്. പത്രങ്ങളില്‍ തെരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേന്നും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

അവസാന കൊട്ടിക്കലാശത്തിന് ശേഷം മണ്ഡലത്തിലില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍, പാര്‍ട്ടി ഭാരവാഹികള്‍ മുതലായവര്‍ മണ്ഡലം വിട്ടു പോകണം. നിയമങ്ങള്‍ കൃത്യമായും എല്ലാവരും പാലിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *