വയനാട്: പൂതാടി പഞ്ചായത്ത് വാകേരി കക്കടം കോളനിയിൽ താമസിക്കുന്ന വേലായുധന്റെ ഇഞ്ചി കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. അര ഏക്കറോളം വരുന്ന ഇഞ്ചി കൃഷിയാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. ഒന്നരമാസം പ്രായമുള്ള ഇഞ്ചി മുളച്ചു വന്നതോടെയാണ് നശിപ്പിക്കപ്പെട്ടത്. വിത്ത് വീണ്ടും മാറ്റി നട്ടാലും ഇഞ്ചി വളരില്ലെന്നും, ഏകദേശം അമ്പതിനായിരം രൂപയുടെ
നഷ്ടമാണ് വന്നിരിക്കുന്നതെന്നും വേലായുധൻ പറഞ്ഞു. ഇരുളം സെക്ഷനിലെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് തുടർച്ചയായ വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പ് കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്നും പ്രദേശവാസികൾ വ്യക്തമാക്കി.